പ്രവാസത്തിന്റെ 46 വർഷങ്ങൾ; സൈനുദ്ദീൻ ബത്ഹയോട് വിട പറയുന്നു
text_fieldsറിയാദ്: ബത്ഹയിൽ വന്നിറങ്ങിയ ആദ്യത്തെ മലയാളി ആരായിരുന്നു? പ്രവാസചരിത്രം ചികയുമ്പോൾ ഉത്തരം കണ്ടുപിടിക്കുക ശ്രമകരമാണ്. എന്നാൽ, കണ്ണൂർ ജില്ലയിലെ പെരിങ്ങാടി സ്വദേശി സൈനുദ്ദീൻ അടിയലത്ത് ആ കൂട്ടത്തിൽ ഒരാളായിരുന്നുവെന്ന് ഉറപ്പിച്ചു പറയാം. 46 വർഷം മുമ്പ് റിയാദിലെത്തിയ ആദ്യ മലയാളികളിലൊരാൾ. 1977ൽ ദമ്മാമിലെ ദഹ്റാൻ എയർപോർട്ടിൽ വിമാനമിറങ്ങി, ടാക്സിയിൽ റിയാദിലെത്തി പഴയ സനാഇയ്യയിൽ വാസമുറപ്പിച്ചു. ആദ്യം റോക്ക് ഫാക്ടറിയിലും പിന്നീട് കൂളർ കമ്പനിയിലും ജോലി ചെയ്തു.
കുടുംബപരമായി ലഭിച്ച കച്ചവട പൈതൃകം പ്രവാസി മലയാളികളുടെ സ്വന്തം തട്ടകമായ ബത്ഹയിലെത്തിച്ചു. ഇവിടുത്തെ ഗല്ലികളിലും ചുറ്റുപാടുകളിലേക്കും പടർന്ന നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവിൽ മാതൃരാജ്യത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
ആദ്യകാലങ്ങൾ ദുഷ്കരമായിരുന്നു. അപരിചിതത്വം നിറഞ്ഞ ചുറ്റുപാടും കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വാർത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തതയും ഒക്കെയായി ഓരോ ദിനങ്ങളും തള്ളിനീക്കിയത് പ്രയാസങ്ങളിൽ ഉഴറിയാണ്. ഒരു കത്തോ ഡ്രാഫ്റ്റോ നാട്ടിലേക്ക് അയക്കാൻ ഒരു ദിവസത്തെ പങ്കപ്പാട്. ഒറ്റ ബാങ്കും പോസ്റ്റോഫിസും മാത്രം. പണമയക്കാനും പ്രയാസമായിരുന്നു.
ബത്ഹയിലെ അൽ രാജ്ഹി ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ആലുവക്കാരൻ ജലീൽ എല്ലാവർക്കും സഹായിയും വഴികാട്ടിയുമായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മെസ്സിലേക്ക് സാധനങ്ങൾ വാങ്ങാനായി ബത്ഹയിലെത്തും. അന്ന് ബസ് സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. ‘പിക്കപ്പ്’വാനിന്റെ പിറകിലായിരുന്നു യാത്ര. ബത്ഹയിൽ ഒരു റസ്റ്റാറൻറ് മാത്രമാണുണ്ടായിരുന്നത്.
സനാഇയ്യയിൽ ജോലിചെയ്തുകൊണ്ടിരിക്കെയാണ് റെയിൽവേ ജീവനക്കാരുമായി പരിചയപ്പെടുന്നത്. കണ്ണൂർ സ്വദേശി മൊയ്തുവിനോടൊപ്പം ഒരു സ്കൂട്ടറിൽ അവരെ സന്ദർശിക്കുക പതിവായിരുന്നു. സൗഹൃദത്തിന്റെ പേരിൽ തുടങ്ങിയ ആ കൂടിക്കാഴ്ച ബിസിനസ് രംഗത്ത് ചുവടുവെക്കാൻ നിമിത്തമായി. അവർ ദമ്മാമിൽനിന്നും കൊണ്ടുവന്ന ദോത്തികൾ വാങ്ങി ആവശ്യക്കാർക്ക് വിൽപന നടത്തിയാണ് തുടക്കം. പിന്നീട് കൂടുതൽ വസ്തുക്കൾ അവരിൽനിന്ന് ശേഖരിച്ച് വാഹനം വാങ്ങി കുറെ ഉപഭോക്താക്കളിലേക്ക് വ്യാപിച്ചു. ഉലയ, ദല്ല ഭാഗങ്ങളിൽ വലിയ ക്യാമ്പുകളിൽ പോയി വിൽപന നടത്തി.
അൽ ഖർജ് റോഡിലെ ഒരു ചെറിയ ‘ബഖാല’യുമായി കുറച്ചു കാലം കഴിഞ്ഞു. തുടർന്ന് അഞ്ചെട്ട് സുഹൃത്തുക്കൾ ചേർന്ന് മോഡേൺ ഫാബ്രിക്സ് എന്ന പേരിൽ ബത്ഹയിൽ ഒരു തുണിക്കട തുടങ്ങി, പുതിയ മേഖലയിലേക്ക് ചുവടുവെച്ചു. തനിമ കലാസാംസ്കാരിക വേദി പ്രവർത്തകരായ കണ്ണൂർ സ്വദേശി എൻജി. മുത്തലിബ്, മലപ്പുറം സ്വദേശി ഈസ എന്നിവരോടൊപ്പം ബത്ഹയിൽ ‘സ്റ്റാർ ടെക്സ്’എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു.
യമനികളായിരുന്നു അദ്യകാലങ്ങളിൽ ബത്ഹയിലധികവും. പിന്നീട് മറ്റ് രാജ്യക്കാർ എത്തിത്തുടങ്ങി. ’80കൾക്കുശേഷം മലയാളികളുടെ വരവ് വർധിച്ചു. ’92ൽ നടന്ന ഗൾഫ് യുദ്ധത്തിന് ശേഷം അത് സമ്പൂർണമായി. യുവാക്കളും അഭ്യസ്തവിദ്യരുമായ ധാരാളം ആളുകളും വന്നു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ബിസിനസ് രംഗത്തും വലിയ സാന്നിധ്യമായി. യുദ്ധത്തിൽ സൗദി ഉപേക്ഷിച്ചുപോകേണ്ടി വന്ന യമനികളുടെ സ്ഥാപനങ്ങൾ മലയാളികൾ വാങ്ങിക്കൂട്ടി (ഇപ്പോൾ അത് ബംഗാളികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു).
റിയാദ് വൻകുതിപ്പുകൾക്ക് സാക്ഷ്യംവഹിച്ചപ്പോഴും ബത്ഹ പഴമയിൽ ലയിച്ചു നിൽക്കുകയായിരുന്നു. ബത്ഹയിൽ ആദ്യം ഒരു വലിയ ‘റൗണ്ട് എബൗട്ട്’ഉണ്ടായിരുന്നു. പിന്നീട് ഇരുമ്പുപാലം വരുകയും മുഖച്ഛായ മാറുകയും ചെയ്തു.ബത്ഹ കമേഴ്സ്യൽ സെന്റർ, മർകസ് ജമാൽ, ബിൻ സുലൈമാൻ സെന്റർ എല്ലാം ’80കളുടെ അവസാനത്തിലാണ് ആരംഭിച്ചത് -ബത്ഹയുടെ പഴയകാലത്തെ കുറിച്ച് സൈനുദ്ദീൻ ഓർക്കുന്നു.
ഗായകനും സാംസ്കാരിക പ്രവർത്തകനുംകൂടിയാണ് സൈനുദ്ദീൻ. തനിമ, മാഹി വെൽഫെയർ അസോസിയേഷൻ, ക്രിയ എന്നീ സംഘടനകളുടെ സ്ഥാപകാംഗവുമാണ്. ’90കളുടെ തുടക്കത്തിൽ ഭാര്യ റംലയും മക്കളും റിയാദിലെത്തി. കുട്ടികൾ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്.മക്കൾ നബീല, നാസ്നീൻ, നൂരിയ, നദ, മുഹമ്മദ് എന്നിവർ ഇവിടുത്തെ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലേക്ക് പോയി. മകനൊഴികെ എല്ലാവരും ഇപ്പോൾ വിവാഹിതരാണ്. രണ്ടാമത്തെ മകൾ നാസ്നീൻ ദമ്മാമിൽ അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

