അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം; വിധിനിർണയം ഡിജിറ്റൽ സംവിധാനത്തിൽ
text_fieldsമക്ക: 44ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ വിധി നിർണയിക്കുന്നത് ഡിജിറ്റൽ സംവിധാനം വഴി. ‘വിഷൻ 2030’ അനുസരിച്ച് മതകാര്യ മന്ത്രാലയത്തിന്റെ പരിപാടികളും മത്സരങ്ങളും അത്യാധുനിക സാങ്കേതികവിദ്യകൾക്കനുസൃതമായി ഡിജിറ്റലായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഫൈനൽ, യോഗ്യത റൗണ്ട് മത്സരങ്ങളിലെ പ്രകടനങ്ങൾ മികച്ചതാക്കാൻ ഇത് സഹായിച്ചു എന്നാണ് വിലയിരുത്തൽ. കൃത്യത, സുതാര്യത, ഗ്രേഡുകൾ കണക്കാക്കുന്നതിനുള്ള ഏറ്റവും മികച്ച സംവിധാനമാണിത്.
എല്ലാ വിഭാഗത്തിലേയും ചോദ്യങ്ങളുടെ സാമ്പ്ളുകൾ (ചോദ്യബാങ്ക്) തെരഞ്ഞെടുക്കാൻ ഈ സംവിധാനം മത്സരാർഥിയെ അനുവദിക്കുന്നു. കൂടാതെ ചോദ്യങ്ങളുടെ സാമ്പ്ളുകളും സംവിധാനത്തിൽ ലഭ്യമാണ്. ഖുർആൻ ആയത്തുകളുടെ ക്രമം പിന്തുടരാനും മത്സരാർഥികളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിക്കാനും മത്സരാർഥിക്ക് എന്തെങ്കിലും സംഭവിച്ചാൽ മത്സരം താൽക്കാലികമായി നിർത്താനും ഇതിൽ എളുപ്പമാണ്. ഗ്രേഡുകൾ തിരിക്കാനും കഴിയുന്നത്ര വേഗത്തിൽ ഫലങ്ങൾ നിർണയിക്കാനും സാധിക്കും.
ഖുർആൻ മത്സരങ്ങളിൽ ഡിജിറ്റൽ സംവിധാനം ഒരു ഗുണപരമായ കുതിച്ചുചാട്ടമായാണ് കണക്കാക്കുന്നത്. നീതിയുക്തമായും സുതാര്യമായും വിധി നിർണയിക്കാൻ കഴിയുന്നത് മത്സരത്തിന്റെ നിലവാരം ഉയർത്തുന്നു. 44ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പരായണ മത്സരം ഈ മാസം ഒമ്പതിനാണ് മക്ക ഹറമിൽ ആരംഭിച്ചത്. ഈ മാസം 21വരെ നീളുന്ന മത്സരത്തിൽ ലോകമെമ്പാടുമുള്ള 123 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 174 മത്സരാർഥികൾ പെങ്കടുക്കുന്നുണ്ട്.
നിലവിലെ അന്താരാഷ്ട്ര മത്സരം മത്സരാർഥികളുടെ ഗുണനിലവാരം, പ്രകടനത്തിന്റെ മേന്മ, പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള വർധന എന്നിവയാൽ വേറിട്ടുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. 44 വർഷം മുമ്പ് മത്സരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും പേർ മത്സരത്തിൽ പെങ്കടുക്കുന്നത്. മൊത്തം സമ്മാനത്തിന്റെ മൂല്യം 40 ലക്ഷം റിയാലായി ഉയർത്തിയിട്ടുണ്ട്. ആദ്യ വിഭാഗത്തിലെ ആദ്യ വിജയിക്കുള്ള സമ്മാനം അഞ്ച് ലക്ഷം റിയാലാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഖുർആൻ പണ്ഡിതരാണ് വിധിനിർണയിക്കുന്ന ജൂറിയിലുള്ളത്. സൗദിയിൽ നിന്നുള്ള ശൈഖ് ഡോ. ഫഹദ് ബിൻ ഫറജ് അൽജുഹനിയാണ് ജൂറി ചെയർമാൻ. സൗദിയിൽനിന്നുള്ള പ്രഫസർ ഡോ. മുഹമ്മദ് ബിൻ അഹ്മദ് ബുർഹാജ്, ജോർഡനിലെ ഡോ. ഹാതിം ജമീൽ അൽസാഹിമത്ത്, പാകിസ്താനി പണ്ഡിതൻ ഡോ. താജ് അഫ്സർ അബ്ദുല്ല ഖാൻ, മാലിയിലെ ഡോ. യഹ്യ അബ്ദുല്ല അബൂബക്കർ ബാഹ് എന്നിവർ അംഗങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

