ജിദ്ദ വിമാനത്താവളം വഴി ഏപ്രിലിൽ യാത്ര ചെയ്തത് 42.5 ലക്ഷം പേർ
text_fieldsജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം
ജിദ്ദ: ഏപ്രിൽ മാസത്തിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ശ്രദ്ധേയമായ പ്രവർത്തന വളർച്ച കൈവരിച്ചു. ഇത് ലോകമെമ്പാടുമുള്ള യാത്രക്കാർക്കും തീർഥാടകർക്കും വേണ്ടിയുള്ള സേവനങ്ങളുടെ തുടർച്ചയായ വികസനത്തെ പ്രതിഫലിപ്പിക്കുന്നു. പ്രവർത്തന ഡാറ്റ പ്രകാരം കഴിഞ്ഞ മാസം 42.5 ലക്ഷം പേരാണ് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2024 ഏപ്രിൽ മാസത്തെ യാത്രക്കാരേക്കാൾ എട്ട് ശതമാനം വർധനവാണ് ഇപ്രാവശ്യം എണ്ണത്തിൽ രേഖപ്പെടുത്തിയത്.
ഏകദേശം 24,900 വിമാനങ്ങൾ കഴിഞ്ഞ മാസം ജിദ്ദ വിമാനത്താവളം വഴി സർവിസ് നടത്തി. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സർവിസിനേക്കാൾ ആറ് ശതമാനം വർധനവ്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് മൊത്തം ബാഗുകളുടെ എണ്ണത്തിൽ 16 ശതമാനം വളർച്ചയും വിമാനത്താവളം രേഖപ്പെടുത്തി.
54 ലക്ഷം ബാഗുകളാണ് കഴിഞ്ഞ മാസം ജിദ്ദ വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. കഴിഞ്ഞ ഏപ്രിൽ അഞ്ചാണ് ജിദ്ദ വിമാനത്താവളം രേഖപ്പെടുത്തിയ ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്ന്. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രവർത്തന ദിനമായി കണക്കാക്കപ്പെട്ട അന്ന് 1,78,100 യാത്രക്കാരാണ് യാത്ര ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

