സൗദിയുടെ വിദേശകരുതൽ ആസ്തികൾ കരുത്താർജിച്ചു; സെപ്റ്റംബറിൽ 4080 കോടി റിയാലിെൻറ വളർച്ച
text_fieldsയാംബു: സൗദി അറേബ്യയുടെ വിദേശത്തുള്ള കരുതൽ ആസ്തികൾ കരുത്താർജിച്ചു. കഴിഞ്ഞ മാസം 4080 കോടി റിയാലിന്റെ വളർച്ചയുണ്ടായി. ആകെ ആസ്തിമൂല്യം സെപ്റ്റംബറിൽ 17,56,020 കോടി റിയാലായി ഉയർന്നെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മൊത്തം ആസ്തിയുടെ 95 ശതമാനവും പ്രതിനിധാനംചെയ്യുന്ന വിദേശ നാണയശേഖരത്തിന്റെ മൂല്യം കഴിഞ്ഞമാസം ഒരു ശതമാനം വർധിച്ച് 16,66,070 കോടിയിലെത്തിയതായും അധികൃതർ ചൂണ്ടിക്കാട്ടി.
പിൻവലിക്കാവുന്ന പ്രത്യേക വിഭാഗത്തിൽപെട്ട നിക്ഷേപങ്ങളിൽ ഒമ്പത് ശതമാനം കുറവുണ്ടായപ്പോൾ അന്താരാഷ്ട്ര നാണയനിധിയുടെ കരുതൽമൂല്യത്തിൽ മൂന്ന് ശതമാനം കുറവ് രേഖപ്പെടുത്തി. വിദേശത്ത് നടത്തിയ നിക്ഷേപത്തിന്റെ തോതിലും വലുപ്പത്തിലും ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയാണ് മുന്നിൽ. ഗൾഫ് രാജ്യങ്ങളുടെ ആകെനിക്ഷേപത്തിൽ ഏകദേശം 49 ശതമാനവും സൗദിയുടെ വിഹിതമാണെന്ന് 'ദി അറബ് ഇൻവെസ്റ്റ്മെന്റ് ആൻഡ് എക്സ്പോർട്ട് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ' (ദമാൻ) നേരത്തേ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ സെൻട്രൽ ബാങ്കുകളിൽ ഒമ്പതാം സ്ഥാനത്തുള്ള 'സാമ'യുടെ കണക്കുകളിലും വിദേശനിക്ഷേപങ്ങളിൽ രാജ്യം കുതിപ്പ് രേഖപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി. സൗദിയുടെ വിദേശ നാണയ കരുതൽശേഖരവും രാജ്യത്തെ ഏറെ സഹായിക്കുന്നു. സെൻട്രൽ ബാങ്കിന്റെ ആകെ ആസ്തികൾ വർധിക്കുന്നതും വിദേശ കരുതൽനിക്ഷേപങ്ങളുടെ വളർച്ചയും രാജ്യത്തിന്റെ വമ്പിച്ച പുരോഗതിക്ക് മുതൽക്കൂട്ടാകുന്നതായും സാമ്പത്തികരംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
