നിർമാണ മേഖലയിൽ 40 ലക്ഷം തൊഴിലാളികൾ; സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റിയിൽ 900 ശതമാനം വളർച്ച
text_fieldsറിയാദ്: സൗദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ പ്രധാന ചാലകശക്തിയായി നിർമാണ മേഖല മാറുന്നുവെന്ന് വ്യക്തമാക്കുന്ന 2025-ലെ വാർഷിക റിപ്പോർട്ട് സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി പുറത്തുവിട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതോറിറ്റിയിലെ സജീവ അംഗത്വങ്ങളിൽ 900 ശതമാനത്തിലധികം വളർച്ചയുണ്ടായി.
2025 അവസാനത്തോടെ രജിസ്റ്റർ ചെയ്ത കരാറുകാരുടെ എണ്ണം ഏകദേശം 70,500-ൽ എത്തിയിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് നിർമാണ കമ്പനികളുടെ എണ്ണത്തിൽ 21.44 ശതമാനവും, തൊഴിലാളികളുടെ എണ്ണത്തിൽ ഒമ്പത് ശതമാനവും വർദ്ധനവുണ്ടായി. നിലവിൽ 40 ലക്ഷത്തിലധികം തൊഴിലാളികളുള്ള ഈ മേഖല സൗദിയുടെ ആകെ ജിഡിപിയുടെ 7.75 ശതമാനം സംഭാവന ചെയ്യുന്നു.
വിവിധ സർക്കാർ-സ്വകാര്യ മേഖലകളിലെ 214 സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ഫ്യൂച്ചർ പ്രൊജക്ട്സ് ഫോറത്തിെൻറ ഏഴാം പതിപ്പിൽ, മൂന്ന് ലക്ഷം കോടി റിയാലിലധികം മൂല്യം വരുന്ന 20,000-ലധികം വികസന പദ്ധതികൾ അതോറിറ്റി പ്രദർശിപ്പിച്ചു. അതോറിറ്റി കേവലം ഒരു നിയന്ത്രണ സമിതി എന്ന പദവിയിൽ നിന്ന് നിർമാണ മേഖലയെ നയിക്കുന്ന തന്ത്രപ്രധാനമായ ഒരു ശക്തിയായി മാറുകയാണെന്നും കരാറുകാരുടെ എണ്ണത്തിലുണ്ടായ ഈ വളർച്ച രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സൗദി കോൺട്രാക്ടേഴ്സ് അതോറിറ്റി ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അജ്ലാൻ പറഞ്ഞു.
അതോറിറ്റിയുടെ കീഴിലുള്ള അക്കാദമി 90-ലധികം പ്രത്യേക പരിശീലന പരിപാടികളിലൂടെ 15,000-ലധികം പേർക്ക് പരിശീലനവും കൺസൾട്ടൻസി സേവനങ്ങളും നൽകി. അംഗീകൃത യോഗ്യതാ പ്രോഗ്രാമുകൾ വഴി 400-ലധികം പേർക്ക് പ്രയോജനം ലഭിച്ചു. കൂടാതെ, സ്വദേശിവൽക്കരണ പ്രക്രിയയുടെ ഭാഗമായി സംഘടിപ്പിച്ച ഏഴ് പ്രത്യേക ഫോറങ്ങളിലായി 660 കോൺട്രാക്ടർമാർക്ക് അതോറിറ്റി ആതിഥേയത്വം വഹിച്ചു.
സൗദി കോൺട്രാക്ടർമാർ രാജ്യത്തിെൻറ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പ്രധാന തൂണാണെന്ന് ചെയർമാൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ അജ്ലാൻ ഊന്നിപ്പറഞ്ഞു. വൻകിട പദ്ധതികളുടെ ആവശ്യകതകൾ നിറവേറ്റാൻ അവരുടെ കഴിവുകൾ ഉയർത്തുമെന്നും, ഇതിനായി നിയന്ത്രണ-പ്രഫഷനൽ സേവനങ്ങളും യോഗ്യതാ പ്രോഗ്രാമുകളും വികസിപ്പിച്ച് കാര്യക്ഷമമായ സംവിധാനം നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

