ഇരുഹറമുകളിലും പുണ്യസ്ഥലങ്ങളിലും വഴിയറിയാൻ ‘ത്രീഡി ഇന്ററാക്ടിവ് മാപ്പ്’
text_fieldsമക്ക: മക്കയിലെയും മദീനയിലെയും ഹറമുകളിലും മറ്റ് പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കും സന്ദർശകർക്കും സുഗമമായി വഴികൾ കണ്ടെത്തുന്നതിനായി അത്യാധുനിക ‘ത്രീഡി ഇന്ററാക്ടിവ് മാപ്പ്’ പദ്ധതിക്ക് തുടക്കമായി. ഇരുഹറം പരിപാലന അതോറിറ്റിയാണ് ഈ ഡിജിറ്റൽ സംരംഭത്തിന് രൂപം നൽകിയത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനവും യാത്രയും കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുകയാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളും ഹറമുകൾക്ക് ചുറ്റുമുള്ള ഹോട്ടലുകളും മറ്റ് താമസസൗകര്യങ്ങളുമായുള്ള നേരിട്ടുള്ള ബന്ധം സാധ്യമാക്കാൻ ഈ ത്രീഡി മാപ്പുകൾ സഹായിക്കും. ഇത് സന്ദർശകരുടെ യാത്രാനുഭവം വർധിപ്പിക്കുന്നതിനൊപ്പം, പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലെ ഗതാഗത വെല്ലുവിളികളും ജനത്തിരക്കും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
തീർഥാടകർക്കായി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനുള്ള അതോറിറ്റിയുടെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. വിദേശങ്ങളിൽ നിന്നെത്തുന്ന സന്ദർശകരെ മുൻനിർത്തി, പരമാവധി ആളുകളിലേക്ക് ഈ സേവനം എത്തിക്കുന്നതിനായി ഔദ്യോഗിക ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഇതിെൻറ വിവരങ്ങൾ ലഭ്യമാക്കാൻ അതോറിറ്റി കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹറം പരിസരത്തുള്ള ഉപയോക്താക്കൾക്ക് ഉയർന്ന കാര്യക്ഷമതയോടെ തത്സമയ വിവരങ്ങളും സേവനങ്ങളും ആക്സസ് ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഹറമുകളിലെ മതപഠന ക്ലാസുകൾ നടക്കുന്ന സ്ഥലങ്ങൾ, ഖുർആൻ മനഃപാഠമാക്കാനുള്ള കേന്ദ്രങ്ങൾ, മതവിധികളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്ന ഓഫിസുകൾ എന്നിവയെല്ലാം ഈ ഇന്ററാക്ടിവ് മാപ്പിൽ കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ തത്സമയ കാലാവസ്ഥാ വിവരങ്ങൾ, പ്രത്യേക പ്രാർഥനാ മേഖലകൾ, ത്വവാഫ്, സഅ്യ് എന്നിവയ്ക്കുള്ള സ്ഥലങ്ങൾ, വിശ്രമമുറികൾ തുടങ്ങിയ സകല വിവരങ്ങളും തീർഥാടകർക്ക് ഇതിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകും. ഇത് മികച്ച ഗതാഗത മാനേജ്മെൻറിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും വലിയ തോതിൽ തുണയാകും. തീർഥാടകർക്ക് നൽകുന്ന സമഗ്ര ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സേവന നിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി ഈ പുതിയ സംവിധാനം ഔദ്യോഗിക സ്മാർട്ട് കാർഡായ ‘നുസ്ക്’ കാർഡിൽ കൂടി സംയോജിപ്പിക്കാൻ അതോറിറ്റിക്ക് പദ്ധതിയുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
പ്രമേഹരോഗികൾക്ക് പ്രത്യേക ആരോഗ്യ മാർഗനിർദേശങ്ങൾ
മക്ക: പ്രമേഹരോഗികളായ തീർഥാടകർക്ക് ഹജ്ജ് എളുപ്പത്തിലും സുരക്ഷിതമായും മനസമാധാനത്തോടെയും നിർവഹിക്കാൻ ആവശ്യമായ ആരോഗ്യ മാർഗനിർദേശങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. മന്ത്രാലയത്തിെൻറ ഔദ്യോഗിക ആരോഗ്യ ബോധവത്കരണ പ്ലാറ്റ്ഫോമായ ‘ലൈവ് ഹെൽത്തി’യിലൂടെ പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിലാണ് ഈ നിർദേശങ്ങളുള്ളത്. തീർഥാടകർ ഹജ്ജ് യാത്രക്ക് മുമ്പായി മികച്ച രീതിയിൽ ആരോഗ്യം സജ്ജമാക്കുന്നതിെൻറ ഭാഗമായാണ് മന്ത്രാലയം ഈ ബോധവത്കരണം സംഘടിപ്പിച്ചത്. പ്രമേഹരോഗികൾ തങ്ങളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന ഒരു തിരിച്ചറിയൽ ബ്രേസ്ലെറ്റ് എപ്പോഴും കൈത്തണ്ടയിൽ ധരിക്കേണ്ടതിെൻറ പ്രാധാന്യം മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ സംഘത്തിന് സമയബന്ധിതമായും കൃത്യമായും ഇടപെട്ട് അനുയോജ്യമായ ചികിത്സ നൽകാൻ ഇത് ഏറെ സഹായകരമാകും. ഇതിനൊപ്പം തന്നെ, ഹജ്ജ് തീർഥാടനത്തിലുടനീളം ഉപയോഗിക്കേണ്ട മരുന്നുകളും ഇൻസുലിൻ കുത്തിവെപ്പുകളും അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടാത്ത രീതിയിൽ സുരക്ഷിതമായി സൂക്ഷിക്കാൻ തീർഥാടകർ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ കഴിക്കുന്നതിനായി ലഘുഭക്ഷണങ്ങൾ എപ്പോഴും കൈയിൽ കരുതണമെന്നും നിർദേശമുണ്ട്.
തീർഥാടന വേളയിൽ പാദങ്ങളുടെ സംരക്ഷണത്തിന് രോഗികൾ കൂടുതൽ പ്രാധാന്യം നൽകണം. പുണ്യസ്ഥലങ്ങളിലൂടെ നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ആയാസവും പൊള്ളലും ഒഴിവാക്കാനായി സുഖപ്രദമായ ഷൂസുകൾ ധരിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, വിവിധ സ്ഥലങ്ങളിൽ ചുറ്റിസഞ്ചരിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കേണ്ടതുണ്ട്. കടുത്ത ചൂടിൽ ശരീരത്തിൽ ഉണ്ടാകാനിടയുള്ള നിർജലീകരണം തടയാനായി തീർഥാടകർ ധാരാളം വെള്ളം കുടിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കർശന മാർഗനിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം; ലംഘിച്ചാൽ കടുത്ത നടപടി
റിയാദ്: ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ട് തീർഥാടകരും വാഹന ഉടമകളും പാലിക്കേണ്ട കർശന മാർഗനിർദേശങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. സുരക്ഷയും തീർഥാടനത്തിെൻറ പവിത്രതയും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മക്ക, മദീന, ഇരുഹറമുകൾ, അവയുടെ പരിസരങ്ങൾ, പുണ്യസ്ഥലങ്ങൾ, ഹറമുകളിലേക്കുള്ള വഴികൾ എന്നിവിടങ്ങളിൽ രാഷ്ട്രീയമോ വിഭാഗീയമോ ആയ യാതൊരുവിധ പതാകകളും ഉയർത്താൻ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഇടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യങ്ങൾ വിളിക്കുന്നതും പൂർണമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, സുരക്ഷ മുൻനിർത്തി സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മാറ്റാനോ, അവക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ച് നിൽക്കാനോ, അവ ചാടിക്കടക്കാനോ ആർക്കും അനുമതിയുണ്ടായിരിക്കില്ല. മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും തീർഥാടകർ തങ്ങളുടെ ഔദ്യോഗിക ഹജ്ജ് പെർമിറ്റ് സുരക്ഷ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കേണ്ടത് നിർബന്ധമാണ്.
പൊതുസ്ഥലങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ, ഇരുഹറമുകൾ, അവയുടെ മുറ്റങ്ങൾ എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്യുമ്പോൾ വ്യക്തിഗത തിരിച്ചറിയൽ കാർഡുകൾ കൈവശം കരുതണം. അതോടൊപ്പം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. തീർഥാടകരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹജ്ജ് പെർമിറ്റ്, ജോലി പെർമിറ്റ്, താമസ അനുമതി എന്നിവയില്ലാത്ത ആരെയും മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലോ കൊണ്ടുപോകാൻ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും അനുവാദമില്ല. ഈ നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്കും ഇതിന് കൂട്ടുനിൽക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുന്നതായിരിക്കും. സൗദി ലൈസൻസ് പ്ലേറ്റുള്ളതും 25 ൽ താഴെ യാത്രക്കാരെ കയറ്റാൻ ശേഷിയുള്ളതുമായ വാഹനങ്ങളിൽ ഇഹ്റാം ധരിച്ച തീർഥാടകരെ കയറ്റി മക്കയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങൾ മക്കയുടെ പ്രവേശന കവാടങ്ങളിലെ നിശ്ചിത പാർക്കിങ് ഏരിയകളിൽ തടഞ്ഞുവെക്കുകയും, തുടർന്ന് യാത്രക്കാരെ പൊതുഗതാഗത സംവിധാനങ്ങൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യും. എന്നാൽ, വാടകക്ക് സർവിസ് നടത്താൻ ഔദ്യോഗിക ലൈസൻസുള്ള വാഹനങ്ങൾക്ക് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവുണ്ടായിരിക്കും. ദുൽഹജ്ജ് അഞ്ചാം ദിവസം രാവിലെ മുതൽ ദുൽഹജ്ജ് 13ാം ദിവസം അവസാനം വരെ പുണ്യസ്ഥലങ്ങളിലേക്ക് എല്ലാത്തരം വാഹനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ലൈസൻസുള്ള തീർഥാടക ഗതാഗത വാഹനങ്ങൾ, സൂപ്പർവൈസർമാരുടെയും മറ്റ് ജീവനക്കാരുടെയും വാഹനങ്ങൾ, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സർവിസ് വാഹനങ്ങൾ എന്നിവയെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

