സൗദിയിൽ 36 ശതമാനം ആളുകളിപ്പോഴും പത്രം വായിക്കുന്നു
text_fieldsയാംബു: എ.ഐ ഉൾപ്പെടെ സാങ്കേതിക വിദ്യയുടെ നൂതനത്വം ആധിപത്യം നേടിയ ലോകത്ത് പത്രവ്യവസായം നേരിടുന്ന പ്രതസിന്ധികൾക്കിടയിലും സൗദി അറേബ്യയിൽനിന്നൊരു ശുഭകരമായ വാർത്ത. രാജ്യവാസികളിൽ 36 ശതമാനം ആളുകൾ ഇപ്പോഴും പത്രവായന ഇഷ്ടപ്പെടുന്നുവെന്ന് പഠനറിപ്പോർട്ട്.
7.4 ശതമാനം പേർ അച്ചടിപത്രങ്ങളും 92.6 ശതമാനം പേർ ഓൺലൈൻ പത്രങ്ങളും വായിക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തുവിട്ട പഠനറിപ്പോർട്ടിൽ അടിവരയിടുന്നു. പത്രം അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതുമായ സംവിധാനങ്ങൾക്ക് കോവിഡാനന്തരം സംഭവിച്ച തകർച്ച മൂലം അച്ചടിച്ചിറങ്ങുന്ന പത്രങ്ങളുടെ എണ്ണത്തിൽ കുറവുവന്നിട്ടുണ്ട്.
എല്ലാ പത്രങ്ങളും അതുമൂലം ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതമാവുകയും ചെയ്തു. ഇത് പഠനറിപ്പോർട്ടിൽ പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടാണ് അച്ചടിച്ച പത്രങ്ങൾ വായിക്കുന്നവരുടെ എണ്ണം 7.4 ശതമാനം ആയി കുറഞ്ഞത്. എന്നാൽ പതിവായി പത്രം വായിച്ചിരുന്നവർ ഓൺലൈൻ സ്ക്രീനിലേക്ക് മാറി. 92.6 ശതമാനം പേർ ഡിജിറ്റൽ പത്രങ്ങൾ വായിച്ചുകൊണ്ട് പത്രവായന എന്ന സംസ്കാരം പിന്തുടരുന്നുണ്ട്.
എന്നാൽ, 64 ശതമാനം സ്വദേശികൾ കൃത്യമായി പത്രവായനയില്ലാത്തവരാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024 ലെ സൗദി പൗരരുടെ ഗാർഹിക സംസ്കാരവും ഒഴിവുസമയത്തെ പ്രവൃത്തികളും അവലോകനം ചെയ്തും സ്ഥിതിവിരക്കണക്കുകൾ ശേഖരിച്ചും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഗസ്റ്റാറ്റ്’ റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്ത് പത്രം വായിക്കാത്ത പുരുഷന്മാരുടെ എണ്ണം 54.6 ശതമാനവും സ്ത്രീകളുടേത് 73.9 ശതമാനവുമാണ്.
ആഗോളതലത്തിൽ തന്നെ പല മുഖ്യധാരാപത്രങ്ങളും അച്ചടി നിർത്തി പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
സൗദിയിലും പല പത്രങ്ങളും വർഷങ്ങൾക്ക് മുമ്പേ ഡിജിറ്റൽ പതിപ്പുകളിലേക്ക് മാറിയിരുന്നു. അച്ചടിക്കുന്ന പത്രങ്ങളുടെ വിതരണവും രാജ്യത്ത് പ്രതിസന്ധി നേരിടുന്നതിനാൽ സൗദിയിൽ പല പ്രാദേശിക പത്രങ്ങളും അച്ചടി നിർത്തി. പത്രം അച്ചടിക്കുന്ന പ്രിന്റിങ് പ്രസുകളുടെ എണ്ണം പോലും കുറഞ്ഞു. പത്രം വിതരണം ചെയ്യുന്ന സംവിധാനവും ഇല്ലാതായി. ഈ പ്രതിസന്ധികളെ അതിജീവിച്ചിറങ്ങുന്ന പത്രങ്ങൾ വായിക്കാൻ ഇപ്പോഴും ആളുണ്ട് എന്നാണ് പഠനറിപ്പോർട്ട് നൽകുന്ന സൂചന.
സാധാരണക്കാർക്കിടയിൽ വിവരം എത്തിക്കാൻ ഇന്നും അച്ചടി മാധ്യമങ്ങൾക്കാണ് ശേഷിയെന്ന് കുറച്ചുപേരെങ്കിലും കരുതുന്നുണ്ടെന്ന് അർഥം. അതേസമയം ഇന്റർനെറ്റിനും സാങ്കേതിക വിപ്ലവത്തിനുമെല്ലാം തുടക്കം കുറിച്ച അമേരിക്കയിൽ അച്ചടിപത്രങ്ങൾ തിരിച്ചുവരുന്നു എന്നൊരു പ്രതീക്ഷ നൽകുന്ന വാർത്തകളും വരുന്നുണ്ട്. വളരെ നേരത്തേ അച്ചടി നിർത്തിയ പത്രങ്ങളൊക്കെ വീണ്ടും അച്ചടിച്ച് തുടങ്ങിയെന്ന വാർത്തകളാണ് അടുത്തിടെ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

