വ്യാപാരമുദ്ര സംവിധാനം ലംഘിച്ചതിന് 36 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsറിയാദ്: സൗദിയിൽ പകർപ്പവകാശ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (എസ്.എ.ഐ.പി). 2024 ലെ വാർഷിക ഇന്റലക്ച്വൽ പ്രോപ്പർട്ടി എൻഫോഴ്സ്മെന്റ് റിപ്പോർട്ട് പ്രകാരം, രാജ്യത്തുടനീളം 2,000 ത്തിലധികം റെയ്ഡുകളും പരിശോധനകളും നടത്തി. ഇതിലൂടെ, ട്രേഡ്മാർക്ക് നിയമം ലംഘിച്ച 36 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇതിൽ 52 ശതമാനവും വസ്ത്രങ്ങളും പാദരക്ഷകളുമാണ്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് 330 സംശയാസ്പദമായ കസ്റ്റംസ് ഷിപ്പ്മെന്റുകൾ തടഞ്ഞു. ഇതിലൂടെ, 67 ലക്ഷത്തിലധികം നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കടത്തുന്നത് തടയാൻ സാധിച്ചു.
2023നെ അപേക്ഷിച്ച് 128 ശതമാനം വർധനവോടെ ഡിജിറ്റൽ രംഗത്തും കാര്യമായ നടപടികൾ ഉണ്ടായി. പകർപ്പവകാശം ലംഘിച്ച് ലൈവ് സ്ട്രീമിംങ് നടത്തിയ 7,900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തു. പകർപ്പവകാശ, ട്രേഡ്മാർക്ക് ലംഘനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 3,200 ത്തിലധികം പരാതികളിൽ അന്വേഷണം നടത്തി. ഈ റിപ്പോർട്ട് വിവിധ സർക്കാർ ഏജൻസികളുടെ സംയുക്ത ശ്രമങ്ങളെ എടുത്തുകാണിക്കുന്നു. വാണിജ്യ സ്ഥാപനങ്ങളിലും അതിർത്തികളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും നിയമ ലംഘനങ്ങൾ തടയുന്നതിൽ രാജ്യം കൈവരിച്ച മുന്നേറ്റം ഇത് വ്യക്തമാക്കുന്നു.
ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശങ്ങൾ നടപ്പാക്കുന്നതിൽ സൗദി അറേബ്യ അന്താരാഷ്ട്ര തലത്തിൽ വലിയ പുരോഗതി നേടിയിട്ടുണ്ട്. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇൻഡെക്സ് ഉൾപ്പെടെയുള്ള ആഗോള സൂചികകളിൽ സൗദി മികച്ച റാങ്കിങ് സ്വന്തമാക്കി. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പുറത്തിറക്കിയ ഗ്ലോബൽ കോമ്പറ്റിറ്റീവ്നെസ് റിപ്പോർട്ടിലെ എൻഫോഴ്സ്മെന്റ് ഇൻഡക്സിലും സൗദി മുൻപന്തിയിലെത്തി. നിയമ ലംഘകരെ കണ്ടെത്തുക എന്നതിനപ്പുറം, ബോധവൽകരണത്തിനും അന്താരാഷ്ട്ര സഹകരണത്തിനും സൗദി മുൻഗണന നൽകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇത് കണ്ടുപിടുത്തങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

