കിങ് സൽമാൻ റോയൽ റിസർവിൽ 34 പുതിയ പക്ഷി ഇനങ്ങളെക്കൂടി കണ്ടെത്തി
text_fieldsകിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിൽ കണ്ടെത്തിയ പുതിയ ഇനം പക്ഷികൾ
യാംബു: സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയിലുള്ള കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിൽ ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ സർവേയിലൂടെ 34 പുതിയ പക്ഷി ഇനങ്ങളെക്കൂടി കണ്ടെത്തി. ഇതോടെ റിസർവിലെ ആകെ പക്ഷി ഇനങ്ങളുടെ എണ്ണം 225 ലധികമായി ഉയർന്നതായി റിസർവ് ഡെവലപ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു.
നടപ്പാക്കിവരുന്ന പാരിസ്ഥിതിക നിരീക്ഷണ പരിപാടികളുടെ വിജയത്തെയാണ് ഇത് കാണിക്കുന്നതെന്ന് അതോറിറ്റി വക്താവ് അബ്ദുൽ അസീസ് അൽ ഫുറൈഹ് വ്യക്തമാക്കി. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവക്ക് അനുസൃതമായി, ദേശാടന പക്ഷി പാതകളെ പിന്തുണയ്ക്കുന്ന മുൻനിര കേന്ദ്രമായി ഈ റിസർവ് മാറിയിട്ടുണ്ട്.
റോസ് നിറമുള്ള സ്റ്റാർലിങ്, യെല്ലോ വാഗ്ടെയിൽ, യുറേഷ്യൻ സ്കൈലാർക്ക്, സോങ് ത്രഷ്, റൂപ്പെൽസ് കഴുകൻ, അപൂർവ ഇനത്തിൽപ്പെട്ട റെഡ് ഫാലറോപ്പ്, പെക്ടറൽ സാൻഡ്പൈപ്പർ എന്നിവയാണ് പുതുതായി കണ്ടെത്തിയവയിൽ പ്രധാനം. കൂടാതെ, വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കൻ കഴുകൻ, വെസ്റ്റേൺ ഓർഫിയൻ വാർബ്ലർ, വൈറ്റ്-വിങ്ഡ് ലാർക്ക് എന്നിവയുടെയും പ്രധാന കേന്ദ്രമാണിതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2018ൽ രാജകീയ ഉത്തരവിലൂടെ സ്ഥാപിതമായ ഈ റിസർവ്, തബൂക്ക്, അൽ ജൗഫ്, ഹാഇൽ എന്നീ മേഖലകളെ ഏകോപിപ്പിച്ചാണ് രൂപവത്കരിച്ചിരിക്കുന്നത്. നിലവിൽ അറേബ്യൻ ഒറിക്സ്, കാട്ടുകഴുതകൾ, വിവിധയിനം മാനുകൾ, പുള്ളിപ്പുലികൾ ഉൾപ്പെടെ 1200-ലധികം അപൂർവ വന്യജീവികളെയും ഇവിടെ വിജയകരമായി സംരക്ഷിച്ചുപോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

