ജിദ്ദ: കഴിഞ്ഞ വർഷങ്ങളിൽ ഗുരുതര ട്രാഫിക് അപകടങ്ങളുടെ എണ്ണം 34 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ് വ്യക്തമാക്കി. മരണ നിരക്കുകളിൽ 51 ശതമാനവും കുറവുണ്ട്. മുമ്പ് ഒരു ലക്ഷം ആളുകൾക്ക് 28 മരണം എന്നായിരുന്നു. അടുത്തിടെ ഒരു ലക്ഷമാളുകൾക്ക് 13.5 എന്നായെന്നും ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ദേശീയ പരിവർത്തന പരിപാടി ആരംഭിച്ച 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ട്രാഫിക് അപകടങ്ങളുടെ എണ്ണത്തിൽ നല്ല കുറവാണുണ്ടായത്. അപകട ഫലമായുണ്ടാകുന്ന സാമ്പത്തിക ചെലവ് ഏകദേശം ആറ് ബില്യൺ റിയാൽ കുറഞ്ഞതായും ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന് സൗദി അറേബ്യ മന്ത്രിതല സമിതി രൂപവത്കരിച്ചു.
ഗതാഗത സുരക്ഷക്ക് ട്രാഫിക് നിയന്ത്രണത്തിെൻറയും എൻജിനീയറിങ്ങിെൻറയും പുതിയ സാേങ്കതിക വിദ്യകളും രീതികളും പിന്തുടരുക, ട്രാഫിക് ലംഘനങ്ങൾ കുറക്കുക, റോഡ് സുരക്ഷ നിലവാരം ഉയർത്തുക, അപകടത്തിൽപെടുന്നവർക്കുള്ള വൈദ്യ സേവനം വികസിപ്പിക്കുക, രാജ്യത്തെ എല്ലാ മേഖലകളിലും സ്ഥിരവും താൽകാലികവുമായ നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കുക എന്നിവ സംവിധാനത്തിെൻറ ലക്ഷ്യമായിരുന്നു. വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നാണ് ട്രാഫിക് സുരക്ഷ.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഇതിനായി പ്രവർത്തിക്കുകയാണ്. കാര്യക്ഷമമായ ട്രാഫിക് നിയന്ത്രണവും സാേങ്കതികവിദ്യയുടെ മികച്ച ഉപയോഗവും അപകടം കുറയാൻ സഹായിച്ചു. ബോധവത്കരണത്തിലൂടെയും മികച്ച സംവിധാനങ്ങൾ നടപ്പാക്കുന്നതിലൂടെയും ട്രാഫിക് സംവിധാനം വികസിപ്പിക്കുന്നതിലൂടെയും അപകട മരണത്തിൽ നിന്നും ഭൗതിക നഷ്ടങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കാനാകുമെന്നും സൗദി ആഭ്യന്തര മന്ത്രി പറഞ്ഞു.