ഹജ്ജ് തീർഥാടകർക്കായി 33,000 ബസുകളും 5,000 ടാക്സികളും സജ്ജം; ഗതാഗത സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ വിപുല പദ്ധതികൾ
text_fieldsറിയാദ്: ഹജ്ജ് സീസണ് മുന്നോടിയായി തീർഥാടകർക്കായി വിപുല ഗതാഗത സൗകര്യങ്ങൾ ഒരുക്കി സൗദി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് (ടി.ജി.എ). പുണ്യഭൂമിയിലെത്തുന്ന ദൈവത്തിെൻറ അതിഥികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാനായി 33,000-ലധികം ബസുകളും 5,000 ടാക്സി കാറുകളും സജ്ജമാക്കിയതായി അതോറിറ്റി അറിയിച്ചു. ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും തിരക്ക് ഒഴിവാക്കി യാത്ര സുഗമമാക്കുകയും ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രവർത്തന-നിരീക്ഷണ പദ്ധതിയുടെ ഭാഗമായാണിത്.
രാജ്യത്തെ വിവിധ നഗരങ്ങളെയും പ്രവേശന കവാടങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി 32 റൂട്ടുകളിലായി 139 ഇന്റർസിറ്റി ബസുകൾ സർവിസ് നടത്തും. ആഴ്ചയിൽ 1,139-ലധികം ട്രിപ്പുകൾ ക്രമീകരിക്കുന്നതിലൂടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പുണ്യനഗരങ്ങളിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ സാധിക്കും.
തീർഥാടകർക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ യാത്രാനുഭവം നൽകുന്നതിനായി സംയോജിത പ്രവർത്തന സംവിധാനമാണ് അതോറിറ്റി നടപ്പാക്കുന്നത്. അംഗീകൃത നിരക്കുകളിലും കർശന നിയന്ത്രണങ്ങൾക്കും വിധേയമായായിരിക്കും ഗതാഗത സേവനങ്ങൾ. മക്കയിലെ പുണ്യസ്ഥലങ്ങൾക്കും പ്രധാന കേന്ദ്രങ്ങൾക്കും ഇടയിലുള്ള ഗതാഗതപ്രവാഹം കൂടുതൽ സുഗമമാക്കാനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

