32 ടീമുകളുടെ പോരാട്ടം; റിഫ മെഗാ കപ്പ് ഫുട്ബാൾ സീസൺ ത്രീ സെപ്റ്റംബർ 12 മുതൽ
text_fieldsറിഫ മെഗാ കപ്പ് ഫുട്ബാൾ പ്രചാരണത്തിന്റെ ഭാഗമായി നടന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ സംഗമം
റിയാദ്: റിയാദ് ഫുട്ബാൾ അസോസിയേഷൻ (റിഫ) ‘റിഫ മെഗാ കപ്പ് ഫുട്ബാൾ സീസൺ ത്രീ’ ടൂർണമെൻറ് ഈ മാസം 12ന് ആരംഭിക്കും. അഞ്ച് ആഴ്ചകളിലായാണ് മത്സരം. റിഫയിൽ രജിസ്റ്റർ ചെയ്ത 32 ടീമുകൾ കൊമ്പുകോർക്കുന്ന സെവൻസ് ടൂർണമെൻറ്, പ്രവാസ കായികമേഖലക്ക് കരുത്തും കാൽപന്ത് പ്രേമികൾക്ക് ആവേശവും പകരും.
റിയാദിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മലയാളി ഫുട്ബാൾ കൂട്ടായ്മകൾ പ്രവാസ കേരളത്തിനും കേരളത്തിലെ ഫുട്ബാൾ വളർച്ചക്കും ഏറെ സഹായമാകുമെന്നും ഇതിനകം 41 ടീമുകൾ റിഫയിൽ രജിസ്റ്റർ ചെയ്തതായും പ്രസിഡൻറ് ബഷീർ ചേലേമ്പ്ര പറഞ്ഞു.
ഈ മാസം 12, 13, 20, 27, ഒക്ടോബർ നാല് എന്നീ ദിവസങ്ങളിലായി റിയാദ് എക്സിറ്റ് ഒമ്പതിലെ ഫാരിസ് ഫുട്ബാൾ അക്കാദമി, അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. ഇന്ത്യയിൽനിന്നും മിഡിലീസ്റ്റ് രാജ്യങ്ങളിൽനിന്നുമുള്ള അതിഥി താരങ്ങൾ ടീമുകൾക്ക് ശക്തിപകരാൻ എത്തിച്ചേരുമെന്ന് റിഫ ജനറൽ സെക്രട്ടറി സൈഫു കരുളായി അറിയിച്ചു.
ടൂർണമെന്റിന്റെ നടത്തിപ്പിനായി സ്റ്റിയറിങ് കമ്മിറ്റിയും മറ്റ് ഉപവകുപ്പുകളും പ്രവർത്തനമാരംഭിച്ചു. നാസർ മാവൂർ (ചെയർമാൻ), ഇംതിയാസ് ബംഗാളത് (കൺവീനർ), ഫൈസൽ (ജോ. കൺവീനർ), മുസ്തഫ കവ്വായി, ആദിൽ (മാർക്കറ്റിങ്), കരീം പയ്യനാട് (പ്രോഗ്രാം കൺവീനർ), ഉമർ അമാനത്ത്, ആബിദ് (വളൻറിയർ വിഭാഗം), ഷെഫീഖ് ഒബയാർ (മെഡിക്കൽ) എന്നിവരാണ് ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികൾ.
മെഗാകപ്പിന്റെ പ്രചാരണാർഥം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ സംഗമം മലസ് ചെറീസ് റസ്റ്റാറന്റ് ഹാളിൽ നടന്നു. ചടങ്ങിൽ റിഫ ഭാരവാഹികളും ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

