സൗദി അറേബ്യയിലേക്ക് ഇന്ന് 32 ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും; തടഞ്ഞ് പ്രതിരോധ സേന
text_fieldsറിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളെ ലക്ഷ്യമിട്ടുണ്ടായ വൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. റിയാദ്, കിഴക്കൻ പ്രവിശ്യ, യാംബു എന്നിവിടങ്ങളിലായി വ്യാഴാഴ്ച ആകെ 32 ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ഇന്ന് പുലർച്ചെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടെത്തിയ 19 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും തകർത്തുകൊണ്ടാണ് പ്രതിരോധ നടപടികൾ ആരംഭിച്ചത്. ഇതിന് പിന്നാലെ രാവിലെ റിയാദ് നഗരത്തിന് നേരെ വന്ന 13 ഡ്രോണുകളെയും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഉച്ചയ്ക്ക് മുൻപായി യാംബു നഗരത്തിന് നേരെ തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈലും വിജയകരമായി തടഞ്ഞതോടെ ഇന്ന് തകർക്കപ്പെട്ട ആകെ ഡ്രോണുകളുടെ എണ്ണം 32 ആയി ഉയർന്നു.
കഴിഞ്ഞ ദിവസവും റിയാദിലെ നയതന്ത്ര മേഖലയെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് സമാനമായ ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. 22 ഡ്രോണുകളും 10 ബാലിസ്റ്റിക് മിസൈലുകളുമാണ് വെടിവെച്ചിട്ടതെന്ന് മാലിക്കി കൂട്ടിച്ചേർത്തു.
ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻ പ്രവിശ്യ, യാംബു, അൽ ഖർജ് എന്നീ മേഖലകളിൽ സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാഷനൽ ഏർളി വാണിങ് പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും, ജനാലകൾക്കും ഗ്ലാസ് ഭിത്തികൾക്കും അടുത്തുനിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടണമെന്നും നിർദ്ദേശമുണ്ട്. പുറത്തുള്ളവർ കട്ടിയുള്ള മറയുള്ള ഇടങ്ങളിലേക്ക് മാറണമെന്നും, സംഭവസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതോ ദൃശ്യങ്ങൾ പകർത്തുന്നതോ കർശനമായി ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

