‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവനയെ 31 അറബ്, ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചു
text_fields2024 ൽ റിയാദിൽ നടന്ന അറബ്, ഇസ്ലാമിക് സമ്മിറ്റ് (ഫയൽ ഫോട്ടോ)
റിയാദ്: ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ ‘ഗ്രേറ്റർ ഇസ്രായേൽ’ പ്രസ്താവനയെ 31 അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ്, ഒ.ഐ.സി എന്നിവയുടെ സെക്രട്ടറി ജനറൽമാരും ശക്തമായ ഭാഷയിൽ അപലപിച്ചു.
സൗദി അറേബ്യ, അൽജീരിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ചാഡ്, കൊമോറോസ്, ജിബൂട്ടി, ഈജിപ്ത്, ഗാംബിയ, ഇന്തോനേഷ്യ, ഇറാഖ്, ജോർഡൻ, കുവൈത്ത്, ലബനാൻ, ലിബിയ, മാലിദ്വീപ്, മൗറിറ്റാനിയ, മൊറോക്കോ, നൈജീരിയ, ഒമാൻ, പാകിസ്താൻ, ഫലസ്തീൻ, ഖത്തർ, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, സുഡാൻ, സിറിയ, തുർക്കി, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചതിലുൾപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള കടുത്ത അവഗണനയും അറബ് ദേശീയ സുരക്ഷക്കും പ്രാദേശിക, അന്തർദേശീയ സമാധാനത്തിനും നേരിട്ടുള്ള ഭീഷണിയുമാണ് ഇതെന്ന് കണക്കാക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിത്തറകളുടെയും നഗ്നമായ ലംഘനമാണിത്. പ്രത്യയശാസ്ത്രപരവും വംശീയവുമായ മിഥ്യാധാരണകളിൽ ഇസ്രായേൽ ആശ്രയിക്കുന്നത് സംഘർഷം രൂക്ഷമാക്കുമെന്നും പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് ഭീഷണിയാകുമെന്നും പ്രസ്താവന ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര നിയമസാധുതയെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും പ്രത്യേകിച്ച് ബലപ്രയോഗമോ ഭീഷണിയോ നിരസിക്കുന്ന ആർടിക്ൾ രണ്ട്, ഖണ്ഡിക നാലിനെയും അറബ്, ഇസ്ലാമിക രാജ്യങ്ങൾ ബഹുമാനിക്കുന്നതായി മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
നിയന്ത്രണത്തിന്റെയും ബലപ്രയോഗത്തിന്റെയും മിഥ്യാധാരണകളിൽ നിന്ന് മാറി സമാധാനം പ്രോത്സാഹിപ്പിക്കുകയും എല്ലാ ജനങ്ങൾക്കും സുരക്ഷ, സ്ഥിരത, വികസനം എന്നിവ കൈവരിക്കുകയും ചെയ്യുന്ന നയങ്ങൾ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധത അവർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമസാധുതയും ഐക്യരാഷ്ട്രസഭയുടെ പ്രമേയവും മാനിച്ചുകൊണ്ട് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന് അറബ്, ഇസ്ലാമിക രാജ്യങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ഇ വൺ (E1)മേഖലയിലെ കുടിയേറ്റ പദ്ധതിക്ക് ഇസ്രായേലി മന്ത്രി ബെസലേൽ സ്മോട്രിച്ച് അംഗീകാരം നൽകിയതിനെയും ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ നിരാകരിക്കുന്ന അദ്ദേഹത്തിന്റെ തീവ്ര വംശീയ പ്രസ്താവനകളെയും പ്രസ്താവന അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

