സമുദ്ര ലൈസൻസുകൾ പുതുക്കുന്നതിന് 30 ദിവസത്തെ ഇളവ്
text_fieldsഅൽ ഖോബാർ: സമുദ്ര ലൈസൻസുകളും വർക്ക് പെർമിറ്റുകളും നൽകുന്നതിനും പുതുക്കുന്നതിനും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നത് 30 ദിവസത്തേക്ക് നിർബന്ധമല്ലെന്ന് സൗദി ഗതാഗത ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ താൽക്കാലിക നടപടി. ആവശ്യമെങ്കിൽ ഈ കാലയളവ് നീട്ടുന്ന കാര്യം പരിഗണിക്കുമെന്നും എന്നാൽ സുരക്ഷയിലോ സമുദ്ര പരിസ്ഥിതി സംരക്ഷണത്തിലോ യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടാകരുതെന്ന് അതോറിറ്റി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ ഗൾഫിലെ സൗദി ജലപരിധിക്കുള്ളിലുള്ള സൗദി കപ്പലുകൾക്കും വിദേശ കപ്പലുകൾക്കും ഈ തീരുമാനം ബാധകമാണ്. സമുദ്ര ഗതാഗത പ്രക്രിയകൾ തടസ്സമില്ലാതെ തുടരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. നിലവിൽ സൗദി ജലാശയങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലും മറ്റും ഏർപ്പെട്ടിരിക്കുന്ന നിരവധി കപ്പലുകൾക്ക് സാങ്കേതിക ആവശ്യങ്ങൾ പൂർത്തിയാക്കാനോ നിർബന്ധമായ പരിശോധനകൾക്കായി വിദേശത്തേക്ക് പോകാനോ കഴിയാത്ത സാഹചര്യമുണ്ട്.
ഇത്തരം പ്രവർത്തന വെല്ലുവിളികൾ നേരിടുന്ന കപ്പലുകൾക്ക് അതോറിറ്റിയുടെ ഈ ഒഴിവാക്കൽ വലിയ ആശ്വാസമാകും. സമുദ്ര ഗതാഗത മേഖലയിലെ പ്രവർത്തനങ്ങൾ തുടർച്ചയായി നിലനിർത്താനും, പ്രാദേശിക-അന്തർദേശീയ സാഹചര്യങ്ങളിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ കുറച്ച് സമുദ്ര വ്യവസായത്തെ പിന്തുണയ്ക്കാനും ഈ തീരുമാനം വഴിയൊരുക്കുമെന്ന് സാബു മേലതിൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

