മക്കയിൽ ഹൈഡ്രജൻ ബസുകളുടെ രണ്ടാംഘട്ട പരീക്ഷണം ആരംഭിച്ചു
text_fieldsമക്കയിൽ ഹൈഡ്രജൻ ബസുകളുടെ രണ്ടാംഘട്ട പരീക്ഷണം ഓട്ടം ആരംഭിച്ചപ്പോൾ
മക്ക: ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബസുകളുടെ രണ്ടാം പരീക്ഷണം മക്കയിൽ ആരംഭിച്ചു. മക്ക, മശാഇർ റോയൽ കമീഷന് കീഴിലാണ് ഇത്. ഊർജ മന്ത്രാലയം, ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, ജനറൽ ട്രാഫിക് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരീക്ഷണ പ്രവർത്തനം നടത്തിയത്. ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിനുള്ള റൂട്ട് ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിൽപ്പെട്ട മലിനീകരണം കുറയ്ക്കലും പരിസ്ഥിതി സംരക്ഷണവും കൈവരിക്കുന്നതിന് ശുദ്ധമായ ഊർജ സ്രോതസുകളെ ആശ്രയിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഗതാഗത മാർഗങ്ങൾ അവംലബിക്കുന്ന നടപടികളുടെ ഭാഗമാണിത്.
പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പൊതുഗതാഗത ആവശ്യങ്ങൾ നൂതനമായ രീതിയിൽ നിറവേറ്റുന്നതിനുമുള്ള ശുദ്ധവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള അതോറിറ്റിയുടെ താൽപര്യമാണ് ഹൈഡ്രജർ ബസ് എന്ന് അതോറിറ്റി സി.ഇ.ഒ എൻജി. സ്വാലിഹ് അൽറഷീദ് പറഞ്ഞു.
മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളിലൊന്നാണ് ഇതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗതാഗത ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും പുണ്യസ്ഥലങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ആധുനിക രീതിയിൽ ഗതാഗതം സുഗമമാക്കുകയും ചെയ്യുന്നതിനാണെന്നും അൽറഷീദ് പറഞ്ഞു. ഊർജ മന്ത്രാലയത്തിന്റെയും ഗതാഗത, സിവിൽ ഡിഫൻസിന്റെയും സഹകരണത്തോടെ മക്കയിൽ ഹൈഡ്രജൻ ബസിന്റെ ആദ്യ പരീക്ഷണഘട്ടം നേരത്തെ നടന്നിരുന്നു. അത് വിജയകരമായിരുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളിലും ഹൈഡ്രജൻ ബസ് വ്യാപകമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.