മക്കയിൽ ഈദാഘോഷത്തിന് ഒരുങ്ങി 294 പാർക്കുകളും മൈതാനങ്ങളും
text_fieldsമക്കയിലെ ഒരു പാർക്ക്
മക്ക: ഈദുൽ ഫിത്വർ അവധിക്കാലത്ത് സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കുമായി മക്കയിലെ വിനോദകേന്ദ്രങ്ങൾ സജ്ജമായി. നഗരസഭയുടെ കീഴിലുള്ള 294 പാർക്കുകളും പൊതുമൈതാനങ്ങളുമാണ് സന്ദർശകരെ സ്വീകരിക്കാനായി നഗരസഭ പൂർണ്ണമായും സജ്ജമാക്കിയത്. കുടുംബങ്ങൾക്കും സന്ദർശകർക്കും സുരക്ഷിതവും സുസജ്ജവുമായ വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മക്ക മുനിസിപ്പാലിറ്റി വിശദീകരിച്ചു. നഗരത്തിലെ നിരവധി പാർക്കുകളുടെയും പൊതുമൈതാനങ്ങളുടെയും അറ്റകുറ്റപ്പണികളും പുനരധിവാസ പ്രവർത്തനങ്ങളും ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
ഹരിത ഇടങ്ങളുടെ പരിപാലനം, മരങ്ങളും ചെടികളും വെട്ടി ക്രമീകരിക്കൽ, ജലസേചന ശൃംഖലകളുടെ അറ്റകുറ്റപ്പണികൾ എന്നിവയോടൊപ്പം കുട്ടികളുടെ കളി ഉപകരണങ്ങൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, വിളക്കുകൾ എന്നിവ നന്നാക്കുന്ന പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പാർക്കുകളിലെയും പൊതുയിടങ്ങളിലെയും വൃത്തിയാക്കൽ, ലാൻഡ്സ്കേപ്പിങ്, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഫീൽഡ് ടീമുകൾ ഊർജിതമാക്കിയിട്ടുണ്ട്. ജീവിതനിലവാരം ഉയർത്തുന്നതിനും സന്ദർശകർക്ക് മികച്ച വിനോദ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായി സേവന സ്ഥാപനങ്ങളുടെ നിരീക്ഷണവും ശക്തമാക്കി.
പാർക്കുകളും വിനോദമേഖലകളും സന്ദർശിക്കുന്നവർ പൊതുസൗകര്യങ്ങൾ സംരക്ഷിക്കണമെന്നും അധികാരികളുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. അവധിക്കാലം എല്ലാവർക്കും സന്തോഷകരമായി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിൽ വിനോദ ഇടങ്ങൾ വൃത്തിയായി നിലനിർത്താൻ സന്ദർശകർ ബാധ്യസ്ഥരാണെന്നും നഗരസഭ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

