ഹജ്ജിന് ഭക്ഷണമൊരുക്കാൻ 289 കമ്പനികൾ
text_fieldsപുണ്യസ്ഥലങ്ങളിൽ ആരോഗ്യസൗകര്യങ്ങൾ ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ പരിശോധിക്കുന്നു
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ഭക്ഷണമൊരുക്കാൻ 289 കേറ്ററിങ് കമ്പനികൾ. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി തീർഥാടകർക്ക് ഏകദേശം മൂന്നു കോടി ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ വർഷത്തെ ഹജ്ജ് വേളയിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായി 289 കേറ്ററിങ് കമ്പനികൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കേറ്ററിങ് വിഭാഗം മേധാവി അഹ്മദ് അൽശരീഫ് പറഞ്ഞു.
ഈ കമ്പനികൾ പുണ്യസ്ഥലങ്ങളിലെ തീർഥാടകർക്ക് ഏകദേശം മൂന്നു കോടി ഭക്ഷണം നൽകും. പ്രധാന ഭക്ഷണം മൂന്നു നേരം വിതരണം ചെയ്യും. കൂടാതെ, ലഘുഭക്ഷണങ്ങളുണ്ടാകും. ജ്യൂസ്, പാൽ, വെള്ളം, പഴവർഗങ്ങൾ, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ എന്നിങ്ങനെ തീർഥാടകർക്ക് വേണ്ട വിവിധതരം ഭക്ഷണ വിഭവങ്ങൾ വിതരണം ചെയ്യുന്നതിലുണ്ടാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
തീർഥാടകരുടെ ആഗ്രഹത്തിനനുസരിച്ച് ഭക്ഷണം വ്യത്യസ്തമാണെങ്കിലും അവർ സുരക്ഷിതരായിരിക്കേണ്ടത് ആവശ്യമാണ്. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെയും മക്ക മുനിസിപ്പാലിറ്റിയുടെയും നിർദേശങ്ങളും നിബന്ധനകളും പാലിച്ചായിരിക്കും ഭക്ഷണം തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക.
ഭക്ഷണം ഉണ്ടാക്കുന്നതിനും അവ വിതരണം ചെയ്യുന്നതിനും വലിയ സംഘമുണ്ട്. കേറ്ററിങ് ആസ്ഥാനങ്ങളിൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തും. തീർഥാടകരുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ശുചീകരണവും അണുമുക്തമാക്കുന്ന ജോലികളും ഇടക്കിടെ പരിശോധിക്കുമെന്നും കേറ്ററിങ് വിഭാഗം മേധാവി പറഞ്ഞു.
ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഹറമിനകത്തും പുറത്തും 49 സ്ഥലങ്ങൾ
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനും മസ്ജിദുൽ ഹറാമിൽ 49 സ്ഥലങ്ങൾ. ഇരുഹറം കാര്യാലയത്തിനു കീഴിലെ മാർഗനിർദേശങ്ങൾക്കായുള്ള വകുപ്പാണ് ഹറമിന്റെ വിവിധ ഭാഗങ്ങളിൽ ഇത്രയും സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നത്. മത്വാഫ്, റുവാക് സൗദി, മസ്ജിദുൽ ഹറാമിന്റെ താഴത്തെ നിലയും ഒന്നാം നിലയും, രണ്ടാം സൗദി വിപുലീകരണ ഭാഗം, മൂന്നാം സൗദി വിപുലീകരണ ഭാഗം, മസ്അ, മുറ്റങ്ങൾ എന്നിവിടങ്ങളിലാണ് തീർഥാടകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
കൂടാതെ, സൗജന്യ ടെലിഫോണുകളുണ്ട്. ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനായി 70ഓളം പണ്ഡിതന്മാർ മുഴുവൻ സമയമുണ്ടെന്ന് വകുപ്പ് മേധാവി മുആദ് അൽ ജുനൈദൽ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നത്.
ഇതിനായി ഹറമിന്റെ പ്രധാന കവാടങ്ങളിൽ റോബോട്ടുകളുമുണ്ട്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, പേർഷ്യൻ, ടർക്കിഷ്, മലായ്, ഉർദു, ചൈനീസ്, ബംഗാളി, ഹൗസ എന്നീ 11 ഭാഷകളിൽ റോബോട്ടുകൾക്ക് മാർഗനിർദേശങ്ങൾ നൽകാനാകുമെന്നും അൽജുനൈദൽ പറഞ്ഞു
ആരോഗ്യസേവനത്തിന് വിപുല സൗകര്യങ്ങൾ
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ ആരോഗ്യസേവനം നൽകുന്നതിന് ഒരുക്കിയ സൗകര്യങ്ങൾ ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ പരിശോധിച്ചു. പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തന പുരോഗതിയും സംവിധാനങ്ങളും പരിശോധിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രിയുടെ സന്ദർശനമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തീർഥാടകർക്ക് ഏറ്റവും വേഗമേറിയതും മികച്ചതുമായ ആരോഗ്യസേവനങ്ങൾ നൽകുന്നതിന് പുണ്യസ്ഥലങ്ങളിലെ ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും സജ്ജമായതായി മന്ത്രാലയം പറഞ്ഞു. തീർഥാടകരെ സേവിക്കാൻ നിയോഗിക്കപ്പെട്ട എല്ലാ ആരോഗ്യ ജീവനക്കാരും നടത്തുന്ന ശ്രമങ്ങൾക്ക് മന്ത്രി നന്ദി പറഞ്ഞു.
ഈസ്റ്റ് അറഫാത്ത് ആശുപത്രി, ഫീൽഡ് ആശുപത്രികൾ, മിന അടിയന്തര ആശുപത്രി തുടങ്ങിയവ മന്ത്രി സന്ദർശിച്ചതിലുൾപ്പെടും. മക്ക മേഖല ആരോഗ്യകാര്യാലയത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർ മന്ത്രിയെ അനുഗമിച്ചിരുന്നു. മക്കയിലും പുണ്യസ്ഥലങ്ങളിലുമായി ഫീൽഡ് ഹോസ്പിറ്റലുകൾ ഉൾപ്പെടെ 32 ആശുപത്രികൾ ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. 140 ആരോഗ്യകേന്ദ്രങ്ങളുണ്ട്. കിടക്കകളുടെ എണ്ണം 6132 ആയി വർധിപ്പിച്ചിട്ടുണ്ട്. തീവ്രപരിചരണത്തിന് അനുവദിച്ച കിടക്കകളുടെ എണ്ണം 761ഉം സൂര്യാഘാതമേൽക്കുന്നവരെ പരിചരിക്കാൻ അനുവദിച്ച കിടക്കകളുടെ എണ്ണം 222ഉം ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

