27-ാമത് ഗൾഫ് കപ്പ് ഫുട്ബാളിന് ജിദ്ദയിൽ ഉജ്ജ്വല തുടക്കം: ഉദ്ഘാടന മത്സരത്തിൽ കുവൈത്തിനെ വീഴ്ത്തി സൗദി
text_fields27-ാമത് ഗൾഫ് കപ്പ് ഫുട്ബാളിന് ജിദ്ദയിൽ തുടക്കം കുറിച്ചപ്പോൾ
ജിദ്ദ: എട്ട് പ്രമുഖ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 27-ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിന് ജിദ്ദയിൽ ആവേശകരമായ തുടക്കം. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമാ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന വേദിയിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി തുടങ്ങിയവർ
ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കുവൈത്തിനെ പരാജയപ്പെടുത്തി ആതിഥേയരായ സൗദി അറേബ്യ വിജയത്തുടക്കം കുറിച്ചു. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി, അമീർ സഊദ് ബിൻ തുർക്കി ബിൻ ഫൈസൽ, താഇഫ് ഗവർണർ അമീർ ഫവാസ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി, കായിക വകുപ്പ് ഡെപ്യൂട്ടി മന്ത്രി ബദർ ബിൻ അബ്ദുറഹ്മാൻ അൽ ഖാദി, കായിക വകുപ്പ് അസിസ്റ്റൻറ് മന്ത്രി അബ്ദുൽ ഇലാഹ് ബിൻ സഊദ് അൽ ദല്ലാക്, സൗദി ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ബദർ ബിൻ സുലൈമാൻ, ജിദ്ദ മേയർ ഇഹ്സാൻ ബിൻ അബ്ബാസ് ബാഫഖീഹ്, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ എന്നിവരും വിവിധ ഫുട്ബാൾ അസോസിയേഷൻ അധ്യക്ഷന്മാരും പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
സൽമാൻ രാജാവിെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഈ ടൂർണമെൻറ് ഗൾഫ് കൂട്ടായ്മയ്ക്ക് സൗദി അറേബ്യ നൽകുന്ന പ്രത്യേക പ്രാധാന്യത്തെയും രാജ്യത്തിെൻറ സമ്പന്നമായ കായിക പാരമ്പര്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി വ്യക്തമാക്കി.
സൗദി ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പതിപ്പിന് സവിശേഷമായ പ്രാധാന്യമുണ്ടെന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻകിട കായിക മാമാങ്കങ്ങൾക്ക് ആതിഥ്യമരുളാൻ ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും മികച്ച അനുഭവസമ്പത്തും സൗദിക്കുണ്ട്. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സുഖകരവും അവിസ്മരണീയവുമായ യാത്രാനുഭവവും വിജയവും അദ്ദേഹം ആശംസിച്ചു.
സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറ് വരെ നീണ്ടുനിൽക്കുന്ന ടൂർണമെൻറിൽ ആകെ 15 മത്സരങ്ങളാണുള്ളത്. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമാ സ്റ്റേഡിയത്തിലും അമീർ അബ്ദുല്ല ബിൻ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എ-യിൽ ആതിഥേയരായ സൗദി അറേബ്യ, ഇറാഖ്, ഒമാൻ, കുവൈത്ത് എന്നിവരും ഗ്രൂപ്പ് ബി-യിൽ ഖത്തർ, യു.എ.ഇ, ബഹ്റൈൻ, യമൻ എന്നീ രാജ്യങ്ങളും മാറ്റുരയ്ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

