ജിദ്ദ ചരിത്ര മേഖലയിൽ 25,000 പുരാവസ്തു ശേഷിപ്പുകൾ കണ്ടെത്തി
text_fieldsജിദ്ദ ചരിത്രമേഖലയിൽനിന്ന് കണ്ടെത്തിയ പുരാവസ്തു ശേഷിപ്പുകൾ
ജിദ്ദ: ജിദ്ദ ചരിത്രമേഖലയിൽ ഏകദേശം 25,000 പുരാവസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. നാലിടങ്ങളിൽ നിന്നാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്.
ഉസ്മാൻ ബിൻ അഫ്വാൻ പള്ളി, അൽഷുനാ, കിഴക്കൻ കിടങ്ങിന്റെയും വടക്കൻ മതിലിന്റെയും ഭാഗങ്ങൾ എന്നിവ ഉൾപ്പെടെയാണിത്. ഹിജ്റ ഒന്നും രണ്ടും നൂറ്റാണ്ടുകളുടെ (ആദ്യ ഖലീഫമാരുടെ കാലത്തെ) പഴക്കമുണ്ട്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ജിദ്ദ ചരിത്ര മേഖല പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടത്തിയ കണ്ടെത്തലിന്റെ ഫലമാണിത്.
2020 നവംബറിലാണ് പുരാവസ്തു സർവേയും പര്യവേക്ഷണവും ആരംഭിച്ചത്. 293 കിലോഗ്രാം ഭാരമുള്ള 11,405 സെറാമിക് വസ്തുക്കളാണ് ആദ്യം കണ്ടെത്തിയത്. 107 കിലോ ഭാരമുള്ള 11,360 മൃഗങ്ങളുടെ അസ്ഥികൾ, 32 കിലോ ഭാരമുള്ള 1,730 ഷെൽ മെറ്റീരിയലുകൾ, 87 കിലോ ഭാരമുള്ള 685 നിർമാണ സാമഗ്രികൾ, അഞ്ച് കിലോ ഭാരമുള്ള 191 ഗ്ലാസ് മെറ്റീരിയലുകൾ, ഏഴു കിലോ ഭാരമുള്ള 72 ലോഹകഷണങ്ങൾ എന്നിവയും കണ്ടെത്തി.
പള്ളി മിഹ്റാബിന്റെ ഇരുവശത്തും തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തിയ മരത്തിന്റെ കഷണങ്ങളിൽ നടത്തിയ പഠനത്തിൽ ഹിജ്റ ഒന്നും രണ്ടും നൂറ്റാണ്ടുകളിലേതാണെന്ന് തെളിഞ്ഞിട്ടുുണ്ട്. സിലോൺ (ശ്രീലങ്ക) ദ്വീപിൽനിന്നുള്ളതാണ് ഈ മരമെന്നാണ് കണ്ടെത്തൽ. ജിദ്ദക്കും ശ്രീലങ്കക്കുമിടയിൽ അത്രയും പഴക്കമേറിയതും വിപുലവുമായ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്. പള്ളിയിൽ കണ്ടെത്തിയ വസ്തുക്കളിൽ വിവിധതരം മൺപാത്രങ്ങളും ഉൾപ്പെടുന്നു. അവയിൽ ചിലത് 10ാം നൂറ്റാണ്ടിനും 13ാം നൂറ്റാണ്ടിനും ഇടയിലുള്ളതാണ്.
ചൈനീസ് പ്രവിശ്യയായ ജിയാങ്സിയിലെ ചൂളകളിൽ നിന്നുള്ളതാണിവ.അൽഷുനാ പുരാവസ്തു കേന്ദ്രത്തിലെ വാസ്തുവിദ്യാ അവശിഷ്ടങ്ങളിൽ യൂറോപ്, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള മൺപാത്ര സാമഗ്രികളുടെ ശകലങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ ഹിജ്റ 13, 14 നൂറ്റാണ്ടുകളിലേതാണ് (എ.ഡി 19, 20 നൂറ്റാണ്ട്). ബാബു മക്കയിയിലെ അൽകിദ്വ സ്ഥലത്തെ ഖനനത്തിൽ കിഴക്കൻ കിടങ്ങിന്റെ ഭാഗങ്ങളും കണ്ടെത്തി. ഇത് ഹിജ്റ 12ാം നൂറ്റാണ്ടിന്റെ അവസാന കാലത്തേതാണ് (എ.ഡി 18ാം നൂറ്റാണ്ടിന്റെ അവസാനം). ശവകുടീകരങ്ങളിൽ പതിക്കുന്ന കല്ലുകൾ, ഗ്രാനൈറ്റ്, മാർബിൾ എന്നിവയും കണ്ടെത്തി. ഇതിൽ ലിഖിതങ്ങൾ കൊത്തിവെച്ചിട്ടുണ്ട്.
ചിലത് ഹിജ്റ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ (എ.ഡി എട്ട്, ഒമ്പത് നൂറ്റാണ്ടുകൾ) പഴക്കമുള്ളതാണെന്ന് വിദഗ്ധർ കരുതുന്നു. കൂടാതെ ആളുകളുടെ പേരുകൾ, അനുശോചന വാക്യങ്ങൾ, ഖുർആൻ വാക്യങ്ങൾ എന്നിവ രേഖപ്പെടുത്തിയതിലുൾപ്പെടുന്നു. അവ ഇപ്പോഴും കൂടുതൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ കൃത്യമായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വിധേയമാക്കിവരുകയാണ്.
പുരാവസ്തു ഖനനങ്ങൾ, റേഡിയോ കാർബൺ സാമ്പിളുകളുടെ വിശകലനം, മണ്ണ് വിശകലനം, കണ്ടെത്തിയ വസ്തുക്കളുടെ ജിയോഫിസിക്കൽ, ശാസ്ത്രീയ പഠനങ്ങൾ എന്നിവയും തുടരുകയാണ്. 52 പുരാവസ്തു കെട്ടിടങ്ങളിൽ നിന്നുള്ള 250ലധികം സാമ്പിളുകൾ അന്താരാഷ്ട്ര ലബോറട്ടറികളിൽ പഠനത്തിന് വിധേയമാക്കാൻ മാറ്റിവെച്ചിട്ടുണ്ട്. ഏത് കാലഘട്ടത്തിലേതാണെന്ന് തിരിച്ചറിയുന്നതിനാണിത്. ഹെറിറ്റേജ് അതോറിറ്റിയുമായി സഹകരിച്ച് പുരാവസ്തു ഖനനവും പഠനവും നടത്തുന്നത് ഹിസ്റ്റോറിക് ജിദ്ദ പ്രോഗ്രാമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

