റിയാദ് മെട്രോയിൽ ആദ്യ മൂന്ന് മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ
text_fieldsറിയാദ് മെട്രോയുടെ കേന്ദ്ര സ്റ്റേഷനായ കിങ് അബ്ദുല്ല ഫിനാൻഷൽ ഡിസ്ട്രിക്ട് സ്റ്റേഷൻ
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായി റിയാദ് മെട്രോ (റിയാദ് ട്രെയിൻ) പൂർണമായും പ്രവർത്തന പഥത്തിലെത്തിയ ശേഷം ആദ്യ മൂന്നു മാസം സഞ്ചരിച്ചത് 2.5 കോടി ആളുകൾ. ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കാണിത്. സൗദിയിലെ നഗരാധിഷ്ഠിത ട്രെയ്ൻ ശൃംഖലകളുടെ പട്ടികയിൽ ഒന്നാമതെത്തിയതായി ഗതാഗത അതോറിറ്റി (ടി.ജി.എ) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. നഗരങ്ങൾക്കുള്ളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയിൽ റിയാദ് മെട്രോ ഒന്നാമതാണ്.
അതോറിറ്റിയുടെ ഈ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആദ്യ പാദത്തിൽ രാജ്യത്ത് മൊത്തം 3.23 കോടി യാത്രക്കാർ അർബൻ റെയിൽ സംവിധാനങ്ങൾ ഉപയോഗിച്ചു. റിയാദ് ട്രെയിനിനുശേഷം ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഓട്ടോമേറ്റഡ് ട്രെയിനാണ് രണ്ടാം സ്ഥാനത്ത്. ഇതേ കാലയളവിൽ ഈ ട്രെയിനുകളിൽ യാത്ര ചെയ്തവരുടെ എണ്ണം 60 ലക്ഷമാണ്.
റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് റെയിൽ സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഈ വർഷം ആദ്യപാദത്തിൽ സൗദിയിലെ മൊത്തം റെയിൽ ഗതാഗത മേഖല ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായും 3.5 കോടിയിലധികം യാത്രക്കാർ ട്രെയിനിൽ സഞ്ചരിച്ചതായും സൗദി ഗതാഗത അതോറിറ്റി പറഞ്ഞു.
നഗര ഗതാഗതം വർധിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനുമായി രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ് റിയാദ് മെട്രോ. റിയാദ് സിറ്റി റോയൽ കമീഷന്റെ കീഴിലുള്ള ഈ പദ്ധതിയിൽ ഡ്രൈവറില്ലാതെയാണ് ട്രെയിനുകൾ ഓടുന്നത്. ട്രെയിനുകൾ ഓട്ടോമേറ്റഡ് നിയന്ത്രണ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം നവംബർ 27നാണ് സൽമാൻ രാജാവ് റിയാദ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ ട്രെയിൻ ഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്നു മുതലാണ്. ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ മൂന്ന് ട്രാക്കുകളിൽ അന്ന് മുതലും ഡിസംബർ 15-ന് റെഡ്, ഗ്രീൻ ട്രാക്കുകളിലും ഈ വർഷം ജനുവരി അഞ്ചിന് ഓറഞ്ച് ലൈനിലും സർവിസ് ആരംഭിച്ചു. ഇതിനു ശേഷം മൂന്നുമാസംകൊണ്ടാണ് ഏതാണ്ട് എല്ലാ സ്റ്റേഷനുകളും പ്രവർത്തനം ആരംഭിച്ചത്. ഓറഞ്ച് ലൈനിൽ ഇനിയും ചില സ്റ്റേഷനുകൾ തുറക്കാനുണ്ട്. ജനുവരി അഞ്ചിന് ഓറഞ്ച് ലൈൻ കൂടി ആരംഭിച്ച് ആറ് ലൈനുകളും പൂർണമായും പ്രവർത്തന പഥത്തിലെത്തിയശേഷമുള്ള യാത്രക്കാരുടെ കണക്കാണ് സൗദി പൊതുഗതാഗത അതോറിറ്റി പുറത്തുവിട്ടത്. മൂന്ന് മാസത്തിനിടെ രണ്ടര കോടി ആളുകൾ യാത്ര ചെയ്തുവെന്നത് മെട്രോ സംവിധാനത്തെ സംബന്ധിച്ചിടത്തോളം വൻ റെക്കോഡാണ്.
മെട്രോ റെയിൽ സംവിധാനത്തെയും നഗരത്തിന്റെ മുക്കുമൂലകളെയും ബന്ധിപ്പിച്ച് ‘റിയാദ് ബസസ്’ എന്ന പേരിൽ ദിനംപ്രതി 900ത്തോളം ബസുകളുടെ സർവിസ് ശൃംഖലയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

