മക്കയിൽ നിയമലംഘനം നടത്തിയ 25 താമസകേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsനിയമലംഘനം നടത്തിയ താമസകേന്ദ്രങ്ങൾ മക്കയിൽ ടൂറിസം വകുപ്പ് അടച്ചുപൂട്ടിയപ്പോൾ
മക്ക: നിയമലംഘനം നടത്തിയ മക്കയിലെ 25 ടൂറിസ്റ്റ് താമസ കേന്ദ്രങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. ഈ മാസം മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങൾ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. തീർഥാടകരും ടൂറിസ്റ്റുകളുമായ അതിഥികളെ സ്വീകരിക്കുന്നതിന് മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ആവശ്യമായ ലൈസൻസുകൾ നേടിയിട്ടുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് പരിശോധന.
മക്കയിലെ സന്ദർശകർക്കും തീർഥാടകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിക്കുക, അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, ശുചിത്വം പാലിക്കാതിരിക്കുക, താമസിക്കാനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകൾ എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ കണ്ടെത്തിയ കുറ്റങ്ങൾ.
എല്ലാ വിനോദസഞ്ചാര താമസകേന്ദ്രങ്ങളും ടൂറിസം സംവിധാനവും എക്സിക്യൂട്ടിവ് ചട്ടങ്ങൾ കർശനമായി പാലിക്കണം. നടത്തിപ്പിനാവശ്യമായ ലൈസൻസുകൾ നേടണം. ഈ നിയന്ത്രണങ്ങൾ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെയും തീർഥാടകരുടെയും സുരക്ഷയും സംതൃപ്തിയും വർധിപ്പിക്കുന്നതിനും സഹായിക്കാനാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

