സൗദി തീരപ്രദേശങ്ങളിൽ 24 ലക്ഷം കണ്ടൽ ചെടികളുടെ നടീൽ പൂർത്തിയായതായി അധികൃതർ
text_fieldsചെങ്കടൽ തീരങ്ങളിൽ കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്കായി ഒരുക്കിയ നഴ്സറിയുടെ കാഴ്ച
യാംബു: സൗദിയുടെ ചെങ്കടൽ തീരപ്രദേശങ്ങളിൽ 24 ലക്ഷത്തിലധികം കണ്ടൽ ചെടികളുടെ നടീൽ പൂർത്തിയായതായി അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ പരിസ്ഥിതി സുസ്ഥിരതാ ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലായ ഈ പ്രഖ്യാപനം നടത്തിയത്.
സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെയും സൗദി വിഷൻ 2030 ന്റെയും ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ ചെങ്കടൽ തീരങ്ങളിൽ 50 ദശലക്ഷം കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
‘വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ഫൗണ്ടേഷൻ’ (മൊറൂജ്) സഹകരണത്തോടെയാണ് കണ്ടൽ ചെടികളുടെ ശാസ്ത്രീയമായ നടീൽ പദ്ധതി വ്യാപകമാക്കുന്നത്. ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിൽ വളരെ പ്രധാനപ്പെട്ട കണ്ടൽക്കാടുകൾ ചെങ്കടൽ തീരങ്ങളിൽ നിലനിർത്താനും അവ വ്യാപകമാക്കാനും സൗദി അധികൃതർ വിവിധ പദ്ധതികൾ നേരത്തേ ആരംഭിച്ചിരുന്നു. 'മാൻ ഗ്രോവ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകൾ പ്രകൃതിദത്തമായ വർണാഭമായ കാഴ്ചയാണ് കടലോരങ്ങളിൽ ഒരുക്കുന്നത്.
നിരവധി സമുദ്ര ജീവികൾക്കും പക്ഷികൾക്കുമുള്ള സംയോജിത ആവാസ വ്യവസ്ഥ കൂടിയാണിത്. പ്രകൃതിയുടെ നന്മക്കുവേണ്ടി കണ്ടൽക്കാടുകളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ സൗദി പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ കീഴിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്നുണ്ട്.
ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിൽ വളരെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ. തീര പ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യ ഹരിത വനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണിവ. ഉപ്പു കലർന്ന വെള്ളത്തിൽ കൂടുതലായി വളരുന്ന ഇത്തരം ചെടികൾക്ക് വേറിട്ട പ്രത്യേകതകൾ ഉള്ളതായി പഠനങ്ങൾ പറയുന്നു.
വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽ തീരങ്ങളിലെ പല ഭാഗത്തും കണ്ടൽ ചെടികൾ സുലഭമായി വളരുന്നത്. കടലിൽനിന്നും ഒഴുകിയെ ത്തുന്ന ഫലഭൂയിഷ്ടമായ എക്കലും ധാതു ലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം.
കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്. തീരദേശത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കണ്ടൽക്കാടുകൾക്ക് വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാ നുള്ള കഴിവുമുണ്ട്. ഇതുകൊണ്ടാണ് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കണ്ടൽക്കാടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കുന്നത്.
സൗദിയുടെ അഞ്ചു രാജകീയ കരുതൽ ശേഖരങ്ങളിലായി 300 ദശലക്ഷം കണ്ടൽ ചെടികളുടെ വിത്തുകൾ വിതക്കുകയും 2027 ആകുന്നതോടെ 10 ദശലക്ഷം കണ്ടൽ ചെടികൾ കൂടി നടീൽ പൂർത്തിയാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

