മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 235 ടൺ സംസം വെള്ളം
text_fieldsമദീന മസ്ജിദുന്നബവിയിൽ സംസം കുടിവെള്ളം ലഭ്യമാക്കാൻ ഒരുക്കിയ സംവിധാനം
മദീന: പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിൽ എത്തുന്ന തീർഥാടകർക്കായി പ്രതിദിനം 235 ടൺ സംസം വെള്ളം വിതരണം ചെയ്യുന്നതായി ഇരുഹറം പരിപാലന അതോറിറ്റി അറിയിച്ചു. വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, തടസ്സമില്ലാതെ സംസം ലഭ്യമാക്കാൻ 24 മണിക്കൂറും സജീവമായ വിപുലമായ സംവിധാനമാണ് പള്ളിയിൽ ഒരുക്കിയിട്ടുള്ളത്.
പ്രവാചക പള്ളിയുടെ അകത്തും പുറത്തുമായി പ്രതിദിനം ശരാശരി 7,96,000 പ്ലാസ്റ്റിക് കപ്പുകളാണ് സംസം കുടിക്കാൻ മാത്രമായി ഉപയോഗിക്കുന്നത്. തീർഥാടകർക്ക് എളുപ്പത്തിൽ വെള്ളം ലഭ്യമാക്കുന്നതിനായി പള്ളിക്കകത്തും മുറ്റങ്ങളിലുമായി വൻതോതിൽ വാട്ടർ ഡിസ്പെൻസറുകളും കണ്ടെയ്നറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇവ കൃത്യമായ ഇടവേളകളിൽ നിറക്കാനും നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിരന്തരമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. തീർഥാടകരുടെ സൗകര്യാർഥം പള്ളിയുടെ വിവിധ പ്രവേശന കവാടങ്ങളിൽ തണുപ്പിച്ചതും അല്ലാത്തതുമായ സംസം ലഭ്യമാണ്.
ഇതിനുപുറമേ, പള്ളിയുടെ മുകൾഭാഗത്ത് (റൂഫ്) 25, 29, 34 എന്നീ എക്സിറ്റുകൾക്ക് സമീപം തണുത്ത വെള്ളത്തിനായും, ഗേറ്റ് എട്ടിന് സമീപം സാധാരണ താപനിലയിലുള്ള വെള്ളത്തിനായും സ്ഥിരം വാട്ടർ പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
മസ്ജിദുന്നബവിയിലെത്തുന്ന സന്ദർശകർക്ക് ആത്മീയമായ അനുഭവം വർധിപ്പിക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതികളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങളെന്നും ഇരുഹറം പരിപാലന അതോറിറ്റി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

