2034 വിദേശികളെയും 114 സ്വദേശികളെയും ജിദ്ദയിലെത്തിച്ചു –സൗദി
text_fieldsസൗദി സുരക്ഷ സേനയുടെ ‘അമാന’ കപ്പലിൽ ജിദ്ദയിലെത്തിച്ചവരെ സൗദി അധികൃതർ വരവേറ്റപ്പോൾ
ജിദ്ദ: സുഡാനിൽനിന്ന് ഇതുവരെ 2034 വിദേശികളെയും 114 സ്വദേശികളെയും ജിദ്ദയിലെത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം. സൽമാൻ രാജവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണം സുഡാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതിന് സൗദി അറേബ്യയുടെ ഇടപെടൽ തുടരുകയാണ്.
ഏറ്റവും ഒടുവിൽ 1674 പേർ കൂടിയാണ് ജിദ്ദയിൽ എത്തിച്ചേർന്നത്. ഇതിൽ 13 പേർ സ്വദേശി പൗരന്മാരും ബാക്കി 58 രാജ്യങ്ങളിൽനിന്നുള്ളവരുമാണ്. പോർട്ട് സുഡാനിൽനിന്ന് എട്ട് മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് സൗദി സുരക്ഷ സേനയുടെ ‘അമാന’ എന്ന കപ്പൽ ബുധനാഴ്ച രാവിലെയോടെ ഇത്രയും ആളുകളെ ജിദ്ദയിലെത്തിച്ചത്. സുഡാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ആരംഭിച്ച ശേഷമുള്ള ഏറ്റവും കൂടുതൽ ആളുകളെ ഒരുമിച്ച് പുറത്ത് എത്തിക്കാൻ കഴിഞ്ഞ നടപടിയാണ് ഇത്. നേരത്തെ സ്വദേശികളും വിദേശികളുമായ നിരവധിയാളുകളെ കപ്പലുകളിലും വിമാനങ്ങളിലുമായി സൗദി നേവൽ ഫോഴ്സ് ജിദ്ദയിലെത്തിച്ചിരുന്നു.
ജിദ്ദ തുറമുഖത്തെത്തിയ കപ്പലിലെ യാത്രക്കാരെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. നിരവധി ഉദ്യോഗസ്ഥരും അംബാസഡർമാരും ചില നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളും ആളുകളെ സ്വീകരിക്കാനെത്തിയിരുന്നു.
സുരക്ഷിതമായി സൗദിയിലെത്തിച്ച സൗദി സുരക്ഷാ സേനക്ക് യാത്രക്കാർ നന്ദി പറഞ്ഞു. 13 സൗദി പൗരന്മാർക്ക് പുറമെ 46 അമേരിക്കക്കാരും 40 ബ്രിട്ടീഷുകാരും 11 ജർമൻ പൗരന്മാരും നാല് ഫ്രഞ്ചുകാരും 560 ഇന്തോനേഷ്യക്കാരും 239 യമനികളും 198 സുഡാനികളും 26 തുർക്കിയകളും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

