2029 സൗദി-ബ്രിട്ടീഷ് സാംസ്കാരിക വർഷം; പ്രഖ്യാപനവുമായി ഇരു രാജ്യങ്ങളും
text_fieldsറിയാദ്: സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര-സാംസ്കാരിക ബന്ധം പുതിയ ഉയരങ്ങളിലേക്ക്. 2029-നെ ‘സൗദി-ബ്രിട്ടീഷ് സാംസ്കാരിക വർഷമായി’ ഇരുരാജ്യങ്ങളും സംയുക്തമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരെൻറ സൗദി സന്ദർശനത്തോടനുബന്ധിച്ചാണ് ഈ നിർണായക പ്രഖ്യാപനം ഉണ്ടായത്.
സൗദി സാംസ്കാരിക മന്ത്രാലയവും ബ്രിട്ടീഷ് സാംസ്കാരിക, മാധ്യമ, കായിക മന്ത്രാലയവും ചേർന്നാണ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ കരുത്ത് വിളിച്ചോതുന്നതാണ് ഈ നീക്കം.
സാംസ്കാരിക വിനിമയം ലക്ഷ്യമിട്ട് കല, പൈതൃകം, സാഹിത്യം എന്നീ മേഖലകളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസം, നവീകരണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സംയുക്ത പദ്ധതികൾ ആവിഷ്കരിക്കും. ഇരുരാജ്യങ്ങളിലെയും യുവാക്കൾക്കിടയിൽ ക്രിയാത്മകമായ സംവാദങ്ങൾക്കും സഹകരണത്തിനും അവസരമൊരുക്കും.
പൈതൃക സംരക്ഷണം, ദൃശ്യകലകൾ, വാസ്തുവിദ്യ, പാചകകലകൾ, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സമീപകാലത്തുണ്ടായ വൻ വളർച്ചയാണ് 2029-നെ സാംസ്കാരിക വർഷമായി പ്രഖ്യാപിക്കാൻ അടിത്തറയായതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷങ്ങളിൽ സൗദിയും ബ്രിട്ടനും തമ്മിലുള്ള സഹകരണം കേവലം ഔദ്യോഗിക ബന്ധങ്ങൾക്കപ്പുറം വലിയൊരു സാംസ്കാരിക കൂട്ടായ്മയായി മാറിയിട്ടുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന ആഘോഷങ്ങൾക്കും പരിപാടികൾക്കുമാകും 2029 സാക്ഷ്യം വഹിക്കുക. ഇത് ഇരുരാജ്യങ്ങളിലെയും ക്രിയേറ്റീവ് മേഖലയ്ക്ക് വൻ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

