2026 ‘നിർമിത ബുദ്ധി വർഷം’; എ.ഐ മേഖലയിൽ കരുത്താർജിക്കാൻ സൗദി അറേബ്യ
text_fieldsയാംബു: 2026നെ ‘നിർമിതബുദ്ധി വർഷം’ ആയി പ്രഖ്യാപിച്ചതോടെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) മേഖലയിൽ ആഗോള ശക്തിയാകാനുള്ള ബൃഹദ് പദ്ധതികൾക്ക് സൗദി അറേബ്യ തുടക്കം കുറിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് നിർമിതബുദ്ധി വർഷമായി ആചരിക്കാൻ തീരുമാനമെടുത്തത്. ഇതോടെ രാജ്യത്തിെൻറ സാമ്പത്തിക പരിവർത്തനത്തിെൻറയും ആധുനികവത്കരണത്തിെൻറയും കേന്ദ്രബിന്ദുവായി എ.ഐ മാറിയിരിക്കുകയാണ്.
ഗെയിമിങ് മേഖലയിലെ വിപ്ലവം
രാജ്യത്ത് അതിവേഗം വളരുന്ന ഗെയിമിങ്, ഇ-സ്പോർട്സ് മേഖലകളിൽ നിർമിതബുദ്ധി വലിയ സ്വാധീനം ചെലുത്തുന്നു. ഗെയിം വികസനം, പ്രസിദ്ധീകരണം, പ്ലെയർ അനലിറ്റിക്സ്, മത്സര ടൂർണമെൻറുകൾ എന്നിവയിൽ എ.ഐ സാങ്കേതികവിദ്യ സംയോജിപ്പിക്കാനാണ് തീരുമാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെയിമിങ് വിപണികളിലൊന്നായി സൗദിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ‘സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി’ (സദായ) വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
സാമ്പത്തിക വളർച്ച
വിഷൻ 2030െൻറ ഭാഗമായി സാങ്കേതിക മികവും ആഗോള മത്സരക്ഷമതയും കൈവരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. നിലവിൽ സൗദിയിലെ ജനസംഖ്യയുടെ 67 ശതമാനവും (ഏകദേശം 2.35 കോടി) ഗെയിമർമാരാണ്. സൗദി നാഷനൽ ഗെയിമിങ് ആൻഡ് ഇ-സ്പോർട്സ് സ്ട്രാറ്റജി പ്രകാരം 2026-ഓടെ ഈ വിപണിയിൽ നിന്നുള്ള വരുമാനം 1.36 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൊഴിലവസരങ്ങൾ
2030 ആകുമ്പോഴേക്കും ദേശീയ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് (ജി.ഡി.പി) 50 ബില്യൺ റിയാലിലധികം സംഭാവന നൽകാനും 39,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മേഖല ലക്ഷ്യമിടുന്നു. സർക്കാർ തലത്തിൽ എ.ഐ ഉപയോഗിക്കുന്നതിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്തും ആഗോളതലത്തിൽ ഏഴാം സ്ഥാനത്തുമാണ് നിലവിൽ സൗദി അറേബ്യ. നിർമിത ബുദ്ധി വർഷാചരണത്തിലൂടെ ഈ നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

