2025ലെ ഹജ്ജ് 50 വർഷത്തിനിടയിലെ ഏറ്റവും മികച്ചത് -സൗദി ഹജ്ജ് മന്ത്രി
text_fieldsസൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിഅ ജിദ്ദ സൂപ്പർ ഡോമിൽ ആരംഭിച്ച ഹജ്ജ്, ഉംറ സമ്മേളനവും പ്രദർശനവും അഞ്ചാംപതിപ്പിൽ സംസാരിക്കുന്നു
ജിദ്ദ: കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസൺ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിഅ പറഞ്ഞു. ഹജ്ജ് സീസണിനായുള്ള ഒരുക്കം സംഘടിതമായ പ്രവർത്തനങ്ങളോടും നേരത്തെയുള്ള തയ്യാറെടുപ്പുകളോടും കൂടിയാണ് നടത്തിയതെന്ന് ഇത് സൂചിപ്പിക്കുന്നു. ജിദ്ദ സൂപ്പർ ഡോമിൽ ഹജ്ജ്, ഉംറ സമ്മേളനവും പ്രദർശനവും അഞ്ചാംപതിപ്പിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു മന്ത്രി.
അടുത്ത ഹജ്ജിനെത്തുന്ന തീർഥാടകരുടെ 60 ശതമാനം അടിസ്ഥാന കരാറുകൾ പൂർത്തിയായതായും ബാക്കി ഹജ്ജ് സീസണിന് നാല് മാസം മുമ്പ് പൂർത്തിയാകുമെന്നും അൽറബീഅ സൂചിപ്പിച്ചു. 70 ശതമാനം റെസിഡൻഷ്യൽ, ഹോട്ടൽ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. 50 ശതമാനം പുണ്യസ്ഥലങ്ങളുടെ ഒരുക്കവും ദുൽഖഅ്ദ (ഹിജ്റ 11ാം മാസം) ആരംഭത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇരുഹറമുകളിലെ തീർഥാടകരെയും സന്ദർശകരെയും സേവിക്കുന്നതിൽ ഭരണകൂടത്തിെൻറ കരുതലിെൻറ തുടർച്ചയാണ് ഹജ്ജ് ഉംറ സമ്മേളനവും പ്രദർശനവുമെന്നും ഹജ്ജ് മന്ത്രി ചൂണ്ടിക്കാട്ടി.
‘തീർഥാടകരെ സേവിക്കുക എന്നത് ഒരു നിരന്തരമായ ഉത്തരവാദിത്തമാണ്. അത് വിപുലീകരിക്കുന്ന ഒരു ദർശനവും നമ്മൾ ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ഭാവിയുമാണ്’ എന്ന ഒരൊറ്റ സന്ദേശത്തോടെയാണ് ഈ സമ്മേളനവും പ്രദർശനവും ആരംഭിക്കുന്നതെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസണിൽ എല്ലാ മേഖലകളിലുമുള്ള സംയോജിത സേവനങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും മൊത്തത്തിലുള്ള സംതൃപ്തി സൂചിക 91 ശതമാനമായി ഉയർന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.
ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള മന്ത്രാലയത്തിെൻറ മൊബൈൽ ആപ്പായ ‘നുസ്കി’ൽ ഉപയോക്താക്കളുടെ എണ്ണം ലോകമെമ്പാടുംനിന്ന് നാല് കോടി കവിഞ്ഞു. തീർഥാടകർ, ഹജ്ജ് ഉംറ ഏജൻസികൾ, സന്ദർശകർ എന്നിവരുടെ വരവ് നടപടിക്രമങ്ങൾ സുഗമമാക്കുന്ന ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ആപ്പ് മാറിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

