ഏറ്റുമുട്ടല്‍: ഖത്തീഫില്‍ തീവ്രവാദി കൊല്ലപ്പെട്ടു
text_fieldsദമ്മാം: ദമ്മാമിലെ ഖത്തീഫില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. നിരവധി തീവ്രവാദ കേസിലെ പിടികിട്ടാപ്പുള്ളിയായി സുരക്ഷാസേന പ്രഖ്യാപിച്ചിരുന്ന വലീദ് തലാല്‍ അലി അല്‍ ഉറൈദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തീഫിനടുത്ത അവാമിയ്യയിലെ അല്‍മസൂറ സ്ട്രീറ്റിലാണ് സംഭവം. സുരക്ഷ സേന കീഴടങ്ങാനാവശ്യപ്പെട്ടിട്ടും ചെറുത്തുനിന്നതോടെ സേനയുമായുണ്ടായ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. പൊതു സ്വത്ത് നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ക്രിമിനല്‍ കേസുകളില്‍ പോലീസ് തിരയുന്ന പ്രതിയാണിയാള്‍. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള അവാമിയ്യയിലെ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളുള്ള പ്രദേശമാണ് അവാമിയ്യയിലെ അല്‍മസുറ സ്ട്രീറ്റ്. ഈ പഴയ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ പദ്ധതി നടപ്പാക്കാനുള്ള നടപടിയുടെ ചുവടുപിടിച്ചാണ് സൈനിക ഓപറേഷന്‍ നടന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളിയായ മുസ്തഫ അലി അബ്ദുല്ല അല്‍ മദാദി എന്ന മറ്റൊരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദ കേസുകളില്‍ ബന്ധമുള്ള ഒരേ കുടുംബത്തിലെ ആറുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്ത് തീവ്രവാദ സെല്‍ തകര്‍ത്തതും ഇതേ പ്രദേശത്ത് നിന്നാണ്. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹോട്ട് ലൈന്‍ നമ്പറായ 999 ല്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.