ത്വാഇഫില്‍ പുതിയ വികസന പദ്ധതികള്‍ക്ക് തുടക്കം
text_fieldsത്വാഇഫ്: ത്വാഇഫില്‍ പുതിയ വികസന പദ്ധതികള്‍ക്ക് തുടക്കം. മക്ക ഗവര്‍ണറും ത്വാഇഫ് മേഖല വികസന ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസലാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട വിവരം പ്രഖ്യാപിച്ചത്. ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം, സൂക്ക് ഉക്കാദ് വികസനം, ഹൗസിങ് ആന്‍റ് ഇന്‍റസ്ട്രിയല്‍ സിറ്റി തുടങ്ങിയ വിവിധ പദ്ധതികളുള്‍പ്പെടുന്നതാണിത്. മേഖലയിലെ നിരവധി വികസന പദ്ധതികളും മക്ക ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിവിധ മേഖലകളിലെ പ്രത്യേകിച്ച് മക്ക മേഖലയിലെ വികസന പദ്ധതികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മേഖല വികസന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ വികസനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മേഖലയിലെ വികസന, നിക്ഷേപ പദ്ധതികളില്‍ പങ്കാളികളാകണമെന്ന് പ്രദേശ വാസികളോടും വ്യവസായ പ്രമുഖരോടും മക്ക ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ത്വാഇഫിന്‍െറ കിഴക്ക് ഭാഗത്താണ് പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. മേഖലയുടെ മുഖഛായ മാറ്റുന്നതോടെ താമസ, തൊഴില്‍, സാമ്പത്തിക മേഖലകളില്‍ വലിയ നേട്ടമുണ്ടാക്കും പുതിയ പദ്ധതികളെന്നാണ് വിലയിരുത്തപ്പെടുന്നത്. യോഗത്തില്‍ മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രി എന്‍ജിനീയര്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ മലിക് ആലുശൈഖ്, പരിസ്ഥിതി ജല വൈദ്യുതി കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്ലി, ഭവന മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ഹുഖൈല്‍, ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹമൂദ് അല്‍ മസീദ്, ടൂറിസം വകുപ്പ് മേഖല കാര്യ ഉപമേധാവി ഡോ. വലീദ് അല്‍ഹുമൈദി, കിങ് അബ്ദുല്‍ അസീസ് സയന്‍സ് ആന്‍റ് ടെക്നിക്കല്‍ മേധാവി അമീര്‍ തുര്‍ക്കി ബിന്‍ സഊദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.