റെഡ് സിഗ്നല്‍ മറികടന്ന സൈക്കിള്‍ യാത്രികന് 3000 റിയാല്‍ പിഴ
text_fieldsയാമ്പു: ട്രാഫിക് സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി യാമ്പു ഗതാഗത വിഭാഗം രംഗത്ത്. നിയമ ലംഘനം നടത്തുന്നവരെ പിടികൂടാന്‍ കാര്യക്ഷമമായ നിരീക്ഷണ സംവിധാനമാണ് പ്രധാന റോഡുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സൈക്കിള്‍ ഓടിച്ചുപോയ കൊല്ലം സ്വദേശി ശിഹാബുദ്ദീന് ചുവപ്പ് സിഗ്നല്‍ മുറിച്ചുകടന്നതിന് 3000 റിയാല്‍ പിഴയാണ് ലഭിച്ചത്. ഒരാഴ്ച മുമ്പാണ് പിഴക്ക് കാരണമായ സംഭവം ഉണ്ടായത്. ഉച്ച സമയത്ത് വിജനമായ റോഡിലൂടെ സൈക്കിളില്‍ പോയപ്പോള്‍ സിഗ്നല്‍ മുറിച്ചു കടക്കുന്നത് പിറകെ വന്ന ട്രാഫിക് പൊലീസിന്‍െറ ശ്രദ്ധയില്‍ പെട്ടതാണ് വിനയായത്. പിഴ ചുമത്തി കൊണ്ട് നല്‍കിയ നോട്ടീസില്‍ ‘കാറ്റ് അടിച്ചു ഓടിക്കുന്ന സൈക്കിള്‍ സിഗ്നല്‍ മറികടന്നു’ എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ബലദിയയില്‍ ക്ളീനിങ് ജോലിചെയ്യുന്ന ശിഹാബ് കുറഞ്ഞ ശമ്പളക്കാരനാണ്.
സാമൂഹിക പ്രവര്‍ത്തകനായ ഹമീദ് റിഹാബ് ട്രാഫിക്ക് ഉദ്യോഗസ്ഥരുമായി വിഷയം സംസാരിച്ചപ്പോള്‍ കാല്‍നടക്കാരന്‍ ചുവപ്പ് സിഗ്നല്‍ കടന്നാല്‍ പോലും പിഴ ഈടാക്കാന്‍ വകുപ്പുണ്ടെന്നായിരുന്നു മറുപടി. സൗദി ട്രാഫിക് നിയമത്തിലെ അനുഛേദം അഞ്ചില്‍ ചുവന്ന സിഗ്നല്‍ മുറിച്ചു കടക്കലിന് 3000 മുതല്‍ 6000 റിയാല്‍ വരെ പിഴയും മറ്റു ശിക്ഷയും നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും സൈക്കിള്‍ യാത്രക്കാരനും ഇത് ബാധകമാണെന്ന വിവരം പലര്‍ക്കുമറിയില്ല. ചുവന്ന സിഗ്നല്‍ കണ്ടാല്‍ വാഹനം വലത് ഭാഗത്തേക്ക് ഓടിച്ചു പോകുന്നതും പുതിയ നിയമം പ്രകാരം കുറ്റകരമാണ്. പിഴ അടക്കുന്നത് വൈകിയാല്‍ 5000 വരെ നല്‍കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.