കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ പാളി; യുവതിക്ക് കൈകള്‍ നഷ്ടപ്പെട്ടു
text_fieldsറിയാദ്: കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതിക്ക് ഇരുകൈകളും ഒരുകാലും നഷ്ടപ്പെട്ടു. സംഭവം വിവാദമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അറസ്റ്റിലായി. കഴിഞ്ഞയാഴ്ച റിയാദിലാണ് സംഭവം.
അമിത ഭാരത്തെ തുടര്‍ന്ന് കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയക്കാണ് യുവതി സ്വകാര്യ ക്ളിനിക്കില്‍ എത്തിയത്. ഉദരഭാഗത്തെ കൊഴുപ്പുനീക്കാനുള്ള ഓപറേഷന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ നില വഷളായി. ഉടന്‍ തന്നെ തലസ്ഥാനത്തെ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് ഇവരെ മാറ്റി. അവിടത്തെ പരിശോധനക്കൊടുവില്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ഇരു കൈകളും വലതു കാലും മുറിച്ചുകളയേണ്ടി വന്നു. ആദ്യ ശസ്ത്രക്രിയയിലെ പിഴവാണ് അപകടകാരണമായതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഇതോടെ ആ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്കല്‍ അനസ്തീഷ്യ നല്‍കി തന്‍െറ ക്ളിനിക്കില്‍ വെച്ച് രണ്ടുമണിക്കൂര്‍ കൊണ്ടാണ് ഓപറേഷന്‍ നടത്തിയതെന്ന് അയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അന്വേഷണ സമിതി ക്ളിനിക്ക് പരിശോധിക്കുകയും രാജ്യത്തെ വൈദ്യശാസ്ത്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് വിലയിരുത്തുകയും ചെയ്തു. ശസ്ത്രക്രിയ ഹാളില്‍ ഓപറേഷനിടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഉപകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ഓക്സിജന്‍ മാസ്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല. കണ്ടത്തെലുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടറുടെയും ക്ളിനിക്കിന്‍െറ ലൈസന്‍സ് റദ്ദാക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.