ഒട്ടക മേളക്ക് പ്രൗഢമായ സമാപനം
text_fieldsറിയാദ്: സൗദിയുടെ സാംസ്കാരിക ആഘോഷങ്ങളിലൊന്നായ കിങ് അബ്ദുല്‍ അസീസ് ഒട്ടക മേള വ്യാഴാഴ്ച സമാപിച്ചു. സല്‍മാന്‍ രാജാവ് നേതൃത്വം നല്‍കിയ സമാപന ചടങ്ങില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നതരും സംബന്ധിച്ചു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹദ് അല്‍ജാബിര്‍ അസ്സബാഹ്, അബൂദബി സ്പോര്‍ട്സ് സഭ മേധാവി ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് ആല്‍നഹ്യാന്‍, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൗആന്‍ ബിന്‍ ഹമദ് ആല്‍ഥാനി, ഒമാന്‍ സ്പോര്‍ട്സ് മന്ത്രി ശൈഖ് സഅദ് ബിന്‍ മുഹമ്മദ് അസ്സഈദി തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു. റിയാദ് നഗരത്തില്‍ നിന്ന് 140 കിലോമീറ്റര്‍ കിഴക്ക്പടിഞ്ഞാറുള്ള അദ്ദഹ്നയിലെ സയാഹിദില്‍ പ്രത്യേകം സജ്ജമാക്കിയ നഗരത്തിലാണ് മേള നടന്നത്.
വിവിധ സാംസ്കാരിക പരിപാടികളും പരമ്പരാഗത നൃത്ത-പ്രകടനങ്ങളും കവിയരങ്ങും മേളയോടനുബന്ധിച്ച് അരങ്ങേറി. ഓട്ട മല്‍സരത്തില്‍ വിജയികളായ ഒട്ടകങ്ങളുടെ ഉടമകള്‍ക്കുള്ള സമ്മാനം ചടങ്ങില്‍ വിതരണം ചെയ്തു. സൗദിയിലെ ആദ്യ ഒട്ടക നഗരം സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു.
ഒട്ടക ലേലത്തിനുള്ള പ്രത്യേക ചന്ത ഈ നഗരത്തില്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഒൗദ്യോഗിക വാര്‍ത്താഏജന്‍സി അറിയിച്ചു.
സൗദി ദേശീയ ഗാനത്തോടെ ആരംഭിച്ച ഒൗപചാരിക പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രനേതാക്കളെയും സല്‍മാന്‍ രാജാവ് പ്രത്യേകം ആദരിച്ചു.