സ്വദേശികളുടെ തൊഴിലില്ലായ്മ വര്‍ധിച്ചതായി സെന്‍സസ് അതോറിറ്റി
text_fieldsറിയാദ്: സൗദി തൊഴില്‍ മന്ത്രാലയം 2011 മുതല്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന് നിതാഖാത്ത് വ്യവസ്ഥ നടപ്പാക്കി വരുമ്പോഴും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിച്ചതായി സൗദി സെന്‍സസ് അതോറിറ്റി. 2016 അവസാനിക്കുമ്പോള്‍ സ്വദേശികള്‍ക്കിടയില്‍ 12.3 ശതമാനം തൊഴിലില്ലായ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്.
2015 അവസാനിക്കുമ്പോള്‍ 11.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2016ല്‍ വര്‍ധിക്കുകയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കിടയിലാണ് തൊഴിലില്ലായ്മയുടെ തോത് ഏറ്റവും കൂടുതലുള്ളത്.
നിതാഖാത്ത് ആരംഭിച്ച 2011ല്‍ 11.4 ശതമാനമായിരുന്ന സ്വദേശികളിലെ തൊഴിലില്ലായ്മ കാര്യമായി കുറച്ചുകൊണ്ടുവരാന്‍ നിതാഖാത്ത് ഫലം ചെയ്തില്ലെന്നാണ് കണുക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ ഒൗദ്യോഗിക കണക്കെടുപ്പ് അതോറിറ്റി എന്ന നിലക്ക് തങ്ങള്‍ക്കാണ് ഇത് വ്യക്തമാക്കാനുള്ള അവകാശമെന്നും ഓരോ മൂന്ന് മാസം കൂടുേമ്പാഴും ഇത്തരം കണക്കുകൾ പുറത്തുവിടുമെന്നും സ്വദേശി വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സെന്‍സസ് അതോറിറ്റി പ്രസിഡൻറ് ഡോ. ഫഹദ് അത്തിഖൈഫി പറഞ്ഞു.
11 ദശലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്ന രാജ്യത്താണ് സ്വദേശികള്‍ക്കിടയില്‍ 11 ശതമാനത്തിലധികം തൊഴിലില്ലായ്മ നിലനില്‍ക്കുന്നതെന്ന് ശൂറ കൗണ്‍സില്‍ തൊഴില്‍ മന്ത്രാലയത്തിനെതിരെ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സൗദി തൊഴില്‍ വിപണിയില്‍ നിലവിലുള്ള 13.9 ദശലക്ഷം ജോലിക്കാരില്‍ 3.06 ദശലക്ഷം മാത്രമാണ് സ്വദേശികളെന്നും ഇത് വെറും 22 ശതമാനം മാത്രമാണെന്നും അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.