ഹിജ്റ പുതുവര്‍ഷം സൗദിയിലെ പ്രവാസികള്‍ക്ക് പ്രയാസകരമാകും
text_fieldsറിയാദ്: ഒക്ടോബര്‍ രണ്ടോടെ ആരംഭിക്കുന്ന ഹിജ്റ പുതുവര്‍ഷം സൗദിയിലെ പ്രവാസി സമൂഹത്തിന് പ്രയാസകരമായ തുടക്കമാകും സമ്മാനിക്കുക. വിദേശി ജോലിക്കാരുടെയും ആശ്രിതരുടെയും വിസ, സന്ദര്‍ശന വിസ, റീ-എന്‍ട്രി, ഹജ്ജ്, ഉംറ വിസ എന്നിവക്ക് ഫീസ് വര്‍ധിപ്പിച്ചതിന് പുറമെ ഏതാനും സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സബ്സിഡി നിര്‍ത്തലാക്കാനും സാധ്യതയുള്ളതായി ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്നതാണ് സബ്സിഡി എടുത്തുകളയുന്ന ഏഴ് സേവനങ്ങള്‍.
വാഹന റജിസ്ട്രേഷന്‍ ഫീസ്, വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഫീസ്, ട്രാഫിക് പിഴകള്‍, വീട്ടുവേലക്കാരുടെ ഇഖാമ എടുക്കലും പുതുക്കലും, 193 ഇനങ്ങളുടെ കസ്റ്റംസ് തീരുവ, കപ്പല്‍ തുറമുഖ ഫീസ്, സ്വദേശികളുടെ പാസ്പോര്‍ട്ട് ഫീസ് എന്നിവക്ക് സര്‍ക്കാര്‍ നല്‍കി വന്ന 50 ശതമാനം സബ്സിഡി എടുത്തുകളയുന്നതോടെ ഇത്തരം സേവനങ്ങളുടെ നിരക്ക് ഇരട്ടിയാകും. മൂന്ന് വര്‍ഷം മുമ്പ് സൗദി മന്ത്രിസഭ തീരുമാനപ്രകാരം ഏര്‍പ്പെടുത്തിയ ഇളവിന്‍െറ കാലാവധി ഈ ഹിജ്റ വര്‍ഷാവസാനത്തോടെ അവസാനിക്കും.
2013 ഡിസംബറിലാണ് രാജ്യത്തെ പൗരന്മാരുടെ താമസക്കാരുടെയും സൗകര്യം പരിഗണിച്ച് ഏഴ് സേവനങ്ങള്‍ക്ക് മന്ത്രിസഭ സബ്സിഡി പ്രഖ്യാപിച്ചത്. സാമ്പത്തിക ആശ്വാസത്തിന്‍െറ സാഹചര്യത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പ്രതികൂല സാഹചര്യത്തിലും തുടരേണ്ടതില്ളെന്ന് ശൂറ കൗണ്‍സില്‍ സാമ്പത്തിക സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സബ്സിഡി നല്‍കുന്ന ഏത് സര്‍ക്കാറിനും ഇത്തരം ഇളവുകള്‍ ദീര്‍ഘകാലം തുടര്‍ന്നുപോകാനാവില്ളെന്ന് ശൂറ കൗണ്‍സില്‍ അംഗം സാലിഹ് അല്‍ ഫാലിഖ് പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കു ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന ഇത്തരം സബ്സിഡി എടുത്തുകളയുന്നതിലൂടെ രാഷ്ട്രത്തിന് വന്‍ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാനാവുമെന്ന് ഡോ. ഫഹദ് അല്‍അനസി കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശന വിസയുടെ കാലാവധിക്കനുസരിച്ച് 8,000, 5,000, 3,000 എന്നിങ്ങിനെ ഫീസ് ഈടാക്കാനും റീ-എന്‍ട്രിയുടെ അടിസ്ഥാന ഫീസായ 200 റിയാലിന് പുറമെ ഓരോ മാസത്തിനും 100 റിയാല്‍ വീതം അധിക നിരക്കും, ആവര്‍ത്തിച്ച് ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്ക് 2,000 റിയാല്‍ വിസ ഫീസും പ്രാബല്യത്തില്‍ വരുന്നതിന് പുറമെ രാജ്യത്തിനകത്ത് കഴിയുന്ന വിദേശികളെ കൂടി ബാധിക്കുന്ന സബ്സിഡി എടുത്തുകളയുന്ന നിയമവും കൂടി നടപ്പാക്കിയാല്‍ സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും ഇത് സാരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
