പ്രാദേശിക വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് എം.എല്‍.എമാരുടെ മുഖാമുഖം
text_fieldsറിയാദ്: പ്രാദേശിക വികസനങ്ങള്‍ കൂട്ടായ ശ്രമങ്ങളിലൂടെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷകള്‍ പകര്‍ന്ന് കൊടുവള്ളി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ റിയാദില്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി. റിയാദിലെ മണ്ഡലം നിവാസികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വികസന കാര്യങ്ങളില്‍ പ്രവാസികളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് മുന്നോട്ട് പോകുമെന്ന് ഇരുവരും ഉറപ്പ് നല്‍കി. ജല ദൗര്‍ഭല്യത്തിനുള്ള പരിഹാരം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുളള ചുവടുവെപ്പുകള്‍ ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളാണ് ജന പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നാടിന്‍െറ വികസന കാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കപ്പുറം തുല്യനീതി ഉറപ്പ് വരുത്തിക്കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും എല്ലാ പഞ്ചായത്തുകളെയും പരിഗണിച്ചുകൊണ്ടാണ് പദ്ധതികള്‍ ക്രമീകരിക്കുന്നതെന്നും കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് ചൂണ്ടികാണിച്ചു.
മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളും ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. നിലവിലുള്ള സാഹചര്യത്തില്‍ പ്രവാസികള്‍ കുട്ടത്തോടെ മടങ്ങുന്നത് കേരളത്തിന്‍െറ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുമെന്ന് കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീം ചൂണ്ടികാണിച്ചു. പുനരധിവാസം പോലും പ്രവാസി പങ്കാളിത്തമില്ലാതെ യാഥാര്‍ഥ്യമാകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവ പൂര്‍വ്വം പരിഗണിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്‍െറ മുന്നില്‍ പ്രശ്നങ്ങള്‍ എത്തിച്ച് നടപടി സ്വീകരിക്കാന്‍ എല്ലാ ശ്രമങ്ങളും തുടരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലറും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ വായോളി മുഹമ്മദ് മാസ്റ്ററും ചടങ്ങില്‍ സംബന്ധിച്ചു. അബ്ദുല്‍ കരീം കൊടുവള്ളി അധ്യക്ഷനായിരുന്നു. ഡോ. അബ്ദുസലാം മുഖാമുഖം ഉദ്ഘാടം ചെയ്തു. ഉമ്മര്‍ കോയ, അന്‍വര്‍, ഹാരിസ് വാവാട്, ഷാഫി ഇയ്യമ്പലം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തമീസ് സമദ് സ്വാഗതവും ബഷീര്‍ ഇയ്യോത്ത് നന്ദിയും പറഞ്ഞു. ഒ.കെ നാസര്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. മുനീബ് പാഴൂര്‍ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
