അതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ ഹൂതി സൈനികരെ തുരത്തി; നിരവധി പേര്‍ കൊല്ലപ്പെട്ടു
text_fieldsനജ്റാന്‍: സൗദി അതിര്‍ത്തിയെ ലക്ഷ്യമാക്കി പടപ്പുറപ്പാട് നടത്തിയ ഹൂതി വിമതപക്ഷത്തുള്ള നിരവധി സൈനികരെ സൗദി സൈന്യം വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തി. അല്‍ദൂദ് പര്‍വത നിരകളിലാണ് ആക്രമണം നടന്നത്. യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതികളുടെയും മുന്‍ പ്രസിഡന്‍റ് അലി സാലിഹിനോട് കൂറു പുലര്‍ത്തുന്ന സേന വിഭാഗത്തിന്‍െറയും നേതൃത്വത്തിലാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൗദി സൈനികരെ വകവരുത്താനായി എത്തിയ ‘സ്നൈപര്‍’ വിഭാഗമുള്‍പ്പെടെയുള്ള വിമത സൈനികരെയാണ് അപ്പാഷെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചും മറ്റുമുള്ള പ്രതിരോധത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ചെറുത്തു തോല്‍പിച്ചത്. നിരവധി ഹുതി സൈനികര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂതികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന രണ്ടു ബോട്ടുകളും ആകാശ ആക്രമണത്തില്‍ തകര്‍ത്തു. യമനിലെ മോച തുറമുഖത്തു നിന്ന് സൗദി സേനയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ട ബോട്ടുകളായിരുന്നു ഇത്. റഡാറുകളും യന്ത്രത്തോക്കുകളും ഘടിപ്പിച്ച ബോട്ടുകളാണ് നശിപ്പിക്കപ്പെട്ടത്. കടലില്‍ നിന്ന് മിസൈല്‍ തൊടുക്കാനും ഇതുപയോഗിച്ചിരുന്നുവെന്ന് സഖ്യ സേന വ്യക്തമാക്കി. അതിനിടെ സഖ്യ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹൂതി വിമതരുടെ പ്രമുഖ നേതാക്കളിലൊരാളായ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ഖാലിദിന്‍െറ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. അല്‍ഖുബ അതിര്‍ത്തിയില്‍ വ്യാഴാഴ്ച രാത്രിയും കനത്ത പോരാട്ടം നടന്നിട്ടുണ്ട്. വിമതരുടെ രണ്ടു സൈനിക വാഹനങ്ങള്‍ സൗദി സൈന്യം വ്യോമാക്രമണത്തില്‍ തകര്‍ത്തു. അലി സാലിഹ് പക്ഷത്തുള്ള സൈനികരുമായി സൗദി അതിര്‍ത്തിയിലേക്ക് വന്ന വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്. സൗദിയുടെ അതിര്‍ത്തി സേന വിഭാഗവും വ്യോമ സേനയുമാണ് ആക്രമണങ്ങളില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
