വായനയും ചര്‍ച്ചയുമായി ചില്ലയുടെ ഒത്തുചേരല്‍ വീണ്ടും
text_fieldsറിയാദ്: വായനയുടെ വസന്തം തീര്‍ത്ത് ചില്ല സര്‍ഗവേദിയുടെ പ്രതിമാസ ഒത്തുചേരല്‍ നടന്നു. ജ്ഞാനപീഠ പുരസ്കാര ജേതാവ് പ്രതിഭാ റായ് രചിച്ച ‘ദ്രൗപദി’യുടെ വായനാനുഭവം പങ്കിട്ട് മിനി നന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രതികൂലമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി വന്നിട്ടും നിര്‍ഭയത്വവും ധീരതയും പ്രദര്‍ശിപ്പിച്ച കഥാപാത്രത്തെയാണ് വ്യാസന്‍െറ ദ്രൗപദിക്ക് പകരം പ്രതിഭാ റായ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മിനി പറഞ്ഞു. മറാത്തി സാഹിത്യകാരനായ ശരണ്‍കുമാര്‍ ലിംബാളെയുടെ ‘അക്കര്‍മാശി’ എന്ന ആത്മകഥ ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു. സമൂഹത്തെ ദലിതന്‍െറ വീക്ഷണ കോണില്‍ നിന്ന് കാണുന്ന പുസ്തകത്തില്‍ നൂറ്റാണ്ടുകളായി കീഴാള സമൂഹം അനുഭവിച്ചു വരുന്ന ഹീനവും നിന്ദ്യവുമായ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരകളാക്കപ്പെട്ട ജനതയുടെ നൊമ്പരങ്ങളാണ് വായനക്കാരന്‍ അറിയുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു. പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ സത്യജിത് റേയുടെ കഥാപാത്രമായ ഫെലൂദയെ അധികരിച്ച് ബോറിയ മജുംദാര്‍ തയ്യാറാക്കിയ ‘ഫെലൂദ @ 50’ എന്ന പുസ്തകത്തിന്‍െറ വായനാനുഭവം ഏഴാം ക്ളാസ് വിദ്യാര്‍ഥി അഖില്‍ ഫൈസല്‍ പങ്കുവെച്ചു. -
ഡോ. അംബികാസുതന്‍ മങ്ങാടിന്‍െറ നോവല്‍ ‘എന്‍മകജെ’ പ്രിയ സന്തോഷ് അവതരിപ്പിച്ചു. നമ്മുടെ പാരിസ്ഥിതിക ജാഗ്രതക്കു വേണ്ടിയുള്ള നിലവിളിയാണ് ഈ കൃതിയെന്ന് പ്രിയ നിരീക്ഷിച്ചു. ഗിരീഷ് ജനാര്‍ദനന്‍െറ ‘മദ്യപന്‍െറ മാനിഫെസ്റ്റൊ’ ബീന അവതരിപ്പിച്ചു. കെ.പി അപ്പന്‍െറ ‘രോഗവും സാഹിത്യഭാവനയും’ ഡോ. കെ.രാജശേഖരന്‍ നായര്‍ എഴുതിയ ‘രോഗങ്ങളും സര്‍ഗാത്മകതയും’ എന്നീ രണ്ടു പുസ്തകങ്ങളുടെ വായന ആര്‍. മുരളീധരന്‍ പങ്കുവെച്ചു. യുവ എഴുത്തുകാരനായ ലാസര്‍ ഷൈന്‍ എഴുതിയ ‘കൂ’ എന്ന കഥാസമാഹാരം നിജാസ് അവതരിപ്പിച്ചു . എ.അയ്യപ്പന്‍െറ ‘മാളമില്ലാത്ത പാമ്പ്’ എന്ന കവിത സമാഹാരത്തിന്‍െറ വായനാനുഭവം എം. ഫൈസല്‍ പങ്കിട്ടു. റഫീഖ് പന്നിയങ്കര, അനിത നസീം, സി.വി മന്‍മോഹന്‍, ടി. ജാബിറലി എന്നിവര്‍ സംസാരിച്ചു. ജയചന്ദ്രന്‍ നെരുവമ്പ്രം, എ. പ്രദീപ് കുമാര്‍, സി. താരിഖ്, ജാബിര്‍, നന്ദന്‍, വിപിന്‍, സഫ്ദര്‍, നൗഫല്‍ മൂര്‍ക്കനാട്, എന്‍. വിജയകുമാര്‍, കുഞ്ചിസ് ശിഹാബ്, അബ്ദുല്‍ സലാം, സമീഷ് സജീവന്‍, ജയപ്രകാശ്, എം.പി അഖില്‍, എസ്. സുജിത്, രാദുല്‍, റഹിം സ്രാമ്പിക്കല്‍, നജ്മ, ഫാത്തിമ സഹ്റ, ഋഷികേഷ്, സംഗീത, ജോഷി പെരിഞ്ഞനം എന്നിവര്‍ സംബന്ധിച്ചു. നൗഷാദ് കോര്‍മത്ത് മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.