ജനവിധി വന്ന പുലരിയില്‍ വിജയാരവം, വന്‍വീഴ്ചകളുടെ രോദനം....
text_fieldsജിദ്ദ: കേരളത്തിന്‍െറ ജനവിധി അറിയാനുള്ള ആകാംക്ഷയോടെയാണ് സൗദിയിലെ പ്രവാസികള്‍ വ്യാഴാഴ്ച ഉറക്കമുണര്‍ന്നത്. നേരം വെളുക്കും മുമ്പ് തന്നെ ടെലിവിഷന്‍ ചാനലുകളില്‍ ഫലപ്രഖ്യാപനത്തിന്‍െറ ആരവം. പല്ലു തേക്കാന്‍ പോലും മറന്ന് പലരും ടി.വിക്കു മുന്നില്‍ ഉദ്വേഗപൂര്‍വം കണ്‍മിഴിച്ചിരുന്നു. ചിലര്‍ താമസകേന്ദ്രങ്ങളില്‍ ബാന്‍റ് സെറ്റൊക്കെ ഒരുക്കി വെച്ചു. ഭക്ഷണമൊക്കെ നേരത്തെ തയാറാക്കി ചിലര്‍. പലരും ജോലിക്ക് പോയില്ല. നാട്ടിലെ പോലെ തുള്ളിച്ചാടാന്‍ കൊതിച്ച മനസ്സുമായി അവര്‍ വട്ടം കൂടിയിരുന്നു.
തെരഞ്ഞെടുപ്പ് വാട്സ് ആപില്‍ ഉല്‍സവമായി കൊണ്ടാടിയ പ്രവാസികള്‍ക്ക് വേട്ടെണ്ണലിന്‍െറ നിമിഷങ്ങളില്‍ ചങ്കിടിപ്പ് ഏറെയായിരുന്നു. ശക്തമായ കക്ഷിരാഷ്ട്രീയത്തിന്‍െറ വക്താക്കളാണ് അധികപേരും. ചിലരുടെ പ്രതീക്ഷകള്‍ അട്ടിമറിഞ്ഞു വീണപ്പോള്‍ മറുഭാഗത്ത് വിജയഭേരികളുയര്‍ന്നു. പല കക്ഷിക്കാര്‍ കൂട്ടമായിരുന്ന് ടി.വി കാണുന്നതിനിടയില്‍ ഒരു ഭാഗത്ത് ആഹ്ളാദത്തിന്‍െറ ആര്‍പുവിളികളും മറുഭാഗത്ത് കടുത്ത മൗനവും. യു.ഡി.എഫിന്‍െറ വന്‍വീഴ്ച ഐക്യമുന്നണിക്കാര്‍ക്ക് ശക്തമായ അടിത്തറയുള്ള പ്രവാസലോകത്ത് മ്ളാനതയുണ്ടാക്കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലെ പോലെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളിലേര്‍പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു ജനവിധിയുടെ വാര്‍ത്തകള്‍. അതേ സമയം 18 സീറ്റ് നേടി മുസ്ലീം ലീഗ് പിടിച്ചു നിന്നത് കെ.എം.സി.സിക്കാര്‍ക്ക് അനല്‍പമായ ആശ്വാസമാണ് പകര്‍ന്നത്. മന്ത്രിമാരുള്‍പെടെ വന്‍മരങ്ങള്‍ കടപുഴകിവീണത് കോണ്‍ഗ്രസ് അനുഭാവികളെ കടുത്ത നിരാശരാക്കി. അപ്പോഴേക്കും വാട്സ് ആപുകളില്‍ പരിഹാസത്തിന്‍െറ ട്രോളുകള്‍ ഒഴുകാന്‍ തുടങ്ങി. പാരടി ഗാനങ്ങള്‍, പരിഹാസശരങ്ങള്‍ എന്നിവ നേരത്തെ തയാറാക്കിവെച്ചപോലെയായിരുന്നു ചിലര്‍ തൊടുത്തു വിട്ടത്്. മണ്ണാര്‍ക്കാട് എന്തു സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ ഏറെയായിരുന്നു പ്രവാസികള്‍ക്ക്്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥി അഡ്വ.എന്‍.ഷംസുദ്ദീനെ തോല്‍പിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തതുമുതല്‍ പ്രവാസികള്‍ക്കിടയിലെ മുഖ്യതെരഞ്ഞെടുപ്പ് വിഷയമായിരുന്നു മണ്ണാര്‍ക്കാട്ടെ മല്‍സരം. വരാശിപ്പുറത്ത് പലരും സ്വന്തം ചെലവില്‍ മണ്ണാര്‍ക്കാട് മാത്രം ലക്ഷ്യം വെച്ച് വിമാനം കയറിയിരുന്നു. ഒടുവില്‍ ഷംസുദ്ദീന്‍ ലീഡ് ചെയ്യാന്‍ തുടങ്ങിയതോടെ ആരവങ്ങള്‍ പിടി വിട്ട അവസ്ഥയിലായി. നൃത്തവും പാട്ടും മധുരവിതവരണവും പരഹാസവും പൊടി പൊടിച്ചു. ഒരു പക്ഷെ ട്രോളുകള്‍ എറെ ഒഴുകിയത് കാന്തപുരത്തെ കളിയാക്കിയായിരുന്നു. മഞ്ചേശ്വരത്തെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി നൂല്‍പാലത്തില്‍ തൂങ്ങിയ നിമിഷങ്ങളില്‍ പ്രവാസലോകം അക്ഷരാര്‍ഥത്തില്‍ വിറച്ചു. ഏത് അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും മതേതരശക്തികള്‍ ജയിച്ചു വരണമെന്ന കാര്യത്തില്‍ പ്രവാസികള്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാറ്റും കോളുമടങ്ങിയ അന്തരീക്ഷമായി പ്രവാസികള്‍ക്കിടയില്‍. രണ്ട് മാസത്തോളമായി കണ്‍വെന്‍ഷനുകളും സംവാദപരിപാടികളും പ്രചാരണപ്രവര്‍ത്തനങ്ങളുമായി വിശ്രമമില്ലാത്ത രാത്രികളായിരുന്നു പ്രവാസി സംഘടനകള്‍ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
