ബിനാമി വിവരം നല്‍കുന്ന വിദേശിക്ക് സ്ഥാപന ഉടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാം
text_fieldsറിയാദ്: ബിനാമി സ്ഥാപനങ്ങളെക്കുറിച്ച് വിവരം നല്‍കുന്ന വിദേശി ജോലിക്കാരന് സ്ഥാപന ഉടമയുടെ അനുമതി കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുമെന്ന് സൗദി തൊഴില്‍, സാമൂഹിക ക്ഷേമ, വാണിജ്യ, നിക്ഷേപ മന്ത്രാലയങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരത്തില്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് തൊഴിലാളി ബിനാമി ഇടപാടില്‍ പങ്കുള്ള ആളായിരിക്കരുതെന്ന് നിബന്ധനയുണ്ട്. ഇത്തരം വിവരം നല്‍കുന്ന തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ്പിന് തൊഴില്‍ മന്ത്രിയുടെ അനുമതി മതിയാവുമെന്ന് സൗദി തൊഴില്‍ നിയമത്തിലെ 15ാം അനുഛേദത്തിന്‍െറ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
1900 എന്ന നമ്പറില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിലോ 19911 എന്ന നമ്പറില്‍ തൊഴില്‍, സാമൂഹികക്ഷേമ മന്ത്രാലയത്തിലോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ മന്ത്രാലയങ്ങളുടെ ട്വിറ്റര്‍ എക്കൗണ്ട് വഴിയും വിവരം അറിയിക്കാവുന്നതാണ്. വാണിജ്യ നിയമലംഘനങ്ങള്‍ തടയുന്നതിന്‍െറ ഭാഗമായാണ് പുതിയ നടപടി. വാണിജ്യ, നിക്ഷേപ നിയമ ലംഘനം നടത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ്, പത്ത് ലക്ഷം റിയാല്‍ വരെ പിഴ, മാധ്യമങ്ങളില്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തല്‍ തുടങ്ങിയ ശിക്ഷ നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ട്.
സ്വദേശികളുടെ പേരിലുള്ളതോ വിദേശ നിക്ഷേപ ലൈസന്‍സുള്ള വിദേശിയുടെ പേരിലുള്ളതോ ആയ സ്ഥാപനങ്ങള്‍ മറ്റു വിദേശികള്‍ നടത്തുന്നത് ബിനാമിയായി പരിഗണിക്കുമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.