ജിദ്ദ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നു; 120 പേര്‍ ചികിത്സ തേടി
text_fieldsജിദ്ദ: ജിദ്ദയില്‍ രണ്ടാം ദിവസവും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. രാവിലെ മുതല്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച കാറ്റിനെ തുടര്‍ന്ന് ജിദ്ദ വിമാനത്താവളത്തില്‍ രാവിലെ 10.20നും 11.15നുമിടയില്‍ 28 വിമാന സര്‍വീസുകള്‍ മാറ്റിവെച്ചു. ജിദ്ദയിലിറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ തിരിച്ചു വിട്ടു. ശനിയാഴ്ചയും പൊടിക്കാറ്റ് വിമാന, കപ്പല്‍ സര്‍വീസുകളെ ബാധിച്ചിരുന്നു. കാഴ്ചക്കുറവും ശക്തമായ കാറ്റും കാരണം ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് മണിക്കൂറോളം കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ചത്തേക്കാള്‍ ശക്തമായ കാറ്റാണ് ഇന്നലെ അനുഭവപ്പെട്ടതെന്ന്് പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. മക്ക, മദീന, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി, ഹാഇല്‍, ഖസീം, റിയാദ് മേഖലയുടെ പടിഞ്ഞാറ് ഭാഗങ്ങള്‍, കിഴക്കന്‍ മേഖലയുടെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തബൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ വര്‍ഷിച്ചു. എവിടെയും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജിദ്ദയുടെ കിഴക്ക് ഭാഗങ്ങളില്‍ പലയിടങ്ങളിലും മരങ്ങളും തുണുകളും നിലം പതിച്ചു. ഹറാസാത്ത് മേഖലയിലെ ചില വീടുകളിലെ വൈദ്യുതി ബന്ധം തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. 120 ഓളം ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായി അടിയന്തര ചികിത്സ വിഭാഗം മേധാവി ഡോ. സാമിര്‍ ഇബ്രാഹീം പറഞ്ഞു. ശ്വാസകോശരോഗ പ്രശ്നമുള്ള 12പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിവരം ലഭിച്ചതോടെ അടിയന്തര ചികിത്സ വിഭാഗങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മക്കയിലും ഞായറാഴ്ച പൊടിക്കാറ്റുണ്ടായി. മുന്നറിയിപ്പ് ലഭിച്ചതോടെ വിവിധ വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു. അല്ലിത്, ഖുന്‍ഫുദ മേഖലകളിലും കാറ്റ് അനുഭവപ്പെട്ടു. ജിദ്ദ മേഖലയിലും സമീപ പ്രദേശങ്ങളായ അല്ലീത്, ഖുലൈസ്, റാബിഗ്, ജിദ്ദ, മക്ക എക്സ്പ്രസ് റോഡ് എന്നിവിടങ്ങളിലെല്ലാം വീണ്ടും പൊടിക്കാറ്റുണ്ടാകുമെന്നും കരുതിയിരിക്കണമെന്നും മക്ക മേഖല ഗവര്‍ണറേറ്റ് ദുരന്തനിവാരണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
