പാകിസ്താനി സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി
text_fieldsറിയാദ്: ഏഴു മണിക്കൂര്‍ നീണ്ടു നിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ പാകിസ്താനി സയാമീസ് സഹോദരിമാരെ വിജയകരമായി വേര്‍പെടുത്തി. റിയാദിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ കുട്ടികള്‍ക്കായുള്ള സ്പെഷലിസ്റ്റ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഫാതിമ, മശാഇല്‍ എന്നു പേരായ സയാമീസുകളെ വേര്‍പെടുത്തിയത്. ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ 20 ഡോക്ടര്‍മാരും അനസ്തേഷ്യ വിദഗ്ധനുമടങ്ങുന്ന സംഘമാണ് വിവിധ ഘട്ടങ്ങളായി കുട്ടികളെ വേര്‍പെടുത്തിയത്. ആറു ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. വയറും നെഞ്ചും കരളും ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു ഇരട്ടകള്‍. ആദ്യമായി കരളാണ് വേര്‍പെടുത്തിയത്. പിന്നീട് ഒട്ടിച്ചേര്‍ന്ന നെഞ്ചിനിടയിലുണ്ടായിരുന്ന പാളിയും രണ്ടാക്കി. സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരം മാര്‍ച്ച് മൂന്നിനാണ് രക്ഷിതാക്കളോടൊപ്പം കുട്ടികള്‍ റിയാദില്‍ എത്തിയത്. പരിശോധനയില്‍ 80 ശതമാനം വിജയസാധ്യത കണ്ടതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. അബ്ദുല്ല പറഞ്ഞു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന ശസ്ത്രക്രിയകള്‍ വിജയകരമായി ഇതിന് മുമ്പും ഡോ. അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. സയാമീസുകളുടെ വേര്‍പെടുത്തുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി 40 ഇരട്ടകളെയാണ്് ഇതിനകം വിജയകരമായി വേര്‍പെടുത്തിയത്. മൊത്തം 94 ശസ്ത്രക്രിയകളാണ് ഈ പദ്ധതിക്ക് കീഴില്‍ നടന്നത്. ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.