Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഇടിമുഴക്കമായി’ സൗദി...

‘ഇടിമുഴക്കമായി’ സൗദി അറേബ്യ

text_fields
bookmark_border
‘ഇടിമുഴക്കമായി’ സൗദി അറേബ്യ
cancel

സൗദിയുടെ കിഴക്കന്‍ മേഖലയില്‍ ഇറാഖ്, കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വിശാലമായ മരുപ്പറമ്പാണ് ഹഫറുല്‍ബാതിന്‍. തലസ്ഥാന നഗരിയായ റിയാദില്‍ നിന്ന് 430 കി.മീറ്റര്‍ അകലെയുള്ള ശാന്തമായ ഈ പ്രദേശം ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 11 വരെ അക്ഷരാര്‍ഥത്തില്‍ യുദ്ധഭൂമിയായിരുന്നു. അറബ്, മുസ്ലിം രാജ്യങ്ങള്‍ ഇതുവരെ സാക്ഷിയാവാത്ത സൈനികാഭ്യാസത്തിനാണ് ഹഫറുല്‍ ബാതിനിലെ കിങ് ഖാലിദ് സൈനിക നഗരം വേദിയായത്. എണ്ണം പറഞ്ഞ  20 രാജ്യങ്ങള്‍, നൂറുകണക്കിന് സൈനികര്‍, എഫ് 16, ടൊര്‍ണാഡോ തുടങ്ങി അത്യാധുനിക യുദ്ധവിമാനങ്ങള്‍, അപ്പാഷെ ഹെലികോപ്റ്ററുകള്‍, നിരവധി ടാങ്കുകള്‍, മിസൈല്‍ വാഹിനികള്‍ തുടങ്ങി ഒരു യുദ്ധമുഖത്തുണ്ടാവുന്ന എല്ലാ സന്നാഹങ്ങളും ഒന്നിച്ചണിനിരന്ന സൈനിക ശക്തി പ്രകടനം. മിഡ്ലീസ്റ്റും അറബ് രാജ്യങ്ങളും ഇതുവരെ കാണാത്ത കാഴ്ചകള്‍. ഒരുവേള ലോകത്ത് തന്നെ ഇത്രയധികം രാജ്യങ്ങള്‍ പങ്കെടുത്ത അഭ്യാസ പ്രകടനം നടന്നുകാണില്ല. അതിന് നെടുനായകത്വം വഹിച്ച് മുന്നില്‍ നിന്നത് സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ സൗദി അറേബ്യയാണ്. ‘വടക്കിന്‍െറ ഇടിമുഴക്കം’ എന്ന പേരില്‍ സംഘടിപ്പിച്ച അഭ്യാസപ്രകടനങ്ങള്‍ ലോകത്തെ തന്നെ അമ്പരിപ്പിച്ച ഇടിമുഴക്കമായി മാറുകയായിരുന്നു. ഭീകരതക്കും വിഭാഗീയതക്കും വംശീയതക്കും അറബ്, മുസ്ലിം മണ്ണില്‍ സ്ഥാനമില്ളെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു പങ്കെടുത്ത രാജ്യങ്ങള്‍ ചെയ്തത്. യുദ്ധവും അഭയാര്‍ഥി പ്രവാഹവും ഏറെ കണ്ട അറബ് ജനത ആത്മവിശ്വാസത്തോടെയാണ് ഈ പരിശീലനത്തെ നോക്കി കണ്ടത്. ഭീകരതക്ക് തങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ആവില്ളെന്ന വിളംബരമായിരുന്നു അവര്‍ക്കത്. അതുകൊണ്ട് തന്നെ യുദ്ധഭൂമിയുടെ ഭീകരാന്തരീക്ഷം പുനഃസൃഷ്ടിച്ച സൈനിക ശക്തി പ്രകടനത്തിന് കൊടി താണത് സൗദിയുടെ നേതൃത്വത്തില്‍ പുതു ചരിത്രമെഴുതിയാണെന്ന് രണ്ടുവട്ടം ആലോചിക്കാതെ പറയാം. സൈനിക ശക്തിയില്‍ ആരുടെയും പിറകിലല്ല സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളെന്ന് ഭൂപടത്തില്‍ ശക്തമായി അടയാളപ്പെടുത്തിയാണ് വടക്കിന്‍െറ ഇടിമുഴക്കം സമാപിച്ചത്. 


മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് സൗദിയും സഖ്യ രാജ്യങ്ങളും ഒറ്റക്കെട്ടാണെന്ന് ഉറക്കെ വിളിച്ചു പറയാനും ഇതിലൂടെ സാധിച്ചു. അതിന് നേതൃത്വം നല്‍കാനായത് സൗദിയുടെ സൈനികമേഖലക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. സൈനിക പരിശീലനത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന അഭ്യാസപ്രകടനങ്ങള്‍ നേരില്‍ കാണാന്‍ 20 രാജ്യങ്ങളുടെയും പ്രതിനിധികളത്തെി. മാര്‍ച്ച് 11 വെള്ളിയാഴ്ച സമാപന പരേഡിന് മുമ്പായി നടന്ന ജുമുഅ നമസ്കാരത്തിന് വ്യത്യസ്ത രാജ്യങ്ങളിലെ സൈനികര്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്നത് അപൂര്‍വ കാഴ്ചകളിലൊന്നായിരുന്നു. സൈനിക നഗരത്തിലെ മൈതാനത്ത് അണിനിരന്ന മുഴുവന്‍ സൈനികരെയും പ്രത്യേക വാഹനത്തിലത്തെിയ സല്‍മാന്‍ രാജാവ് അഭിവാദ്യം ചെയ്തതിന് ശേഷമാണ് പരേഡ് തുടങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ഭീകരതയെ ചെറുക്കുന്നതിന് സൗദിയുടെ നേതൃത്വത്തില്‍ 35 അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഇസല്ാമിക സഖ്യ േസന രൂപ വത്കരിച്ചിരുന്നു.

ഇതിന് പിറകെയാണ് സൈനികാഭ്യാസം അരങ്ങേറിയത്. ഭീകരതക്കെതിരെ ഒറ്റക്കെട്ടാണെന്നും സുരക്ഷയുടെയും സ്ഥിരതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്നും പരേഡിന് മുന്നോടിയായി സൈനികര്‍ പ്രതിജ്ഞയെടുത്തു. സമാധാനം തകര്‍ക്കുന്നവര്‍ ദൈവത്തിന്‍െറയും ഇസ്ലാം മതത്തിന്‍െറയും ശത്രുക്കളാണെന്ന് ആമുഖ പ്രഭാഷണത്തില്‍ സൗദി സൈനിക മേധാവി ആവര്‍ത്തിച്ചു. രാഷ്ട്രനേതാക്കളായ നവാസ് ശരീഫ് (പാകിസ്താന്‍), അബ്ദുല്‍ ഫതാഹ് അല്‍ സീസി (ഈജിപ്ത്), ഉമര്‍ ബഷീര്‍ (സുഡാന്‍), ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി (ഖത്തര്‍), ശൈഖ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ (ബഹ്റൈന്‍), ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ (യു.എ.ഇ), അബ്്ദുല്ല രാജാവ് (ജോര്‍ഡന്‍), ഇദ്രീസ് ദിബെ (ഛാദ്), മുഹമ്മദ് അബ്ദുല്‍ അസീസ് (മോറിത്താനിയ), ഇസ്മാഈല്‍ ഉമര്‍ (ജിബൂതി), ഡോ. ഇക്ലിലു (ഖമറൂസ്), അബ്ദുല്ല ബെന്‍കരാനെ (മൊറോകോ) എന്നിവരാണ് കിങ് ഖാലിദ് സിറ്റിയിലെ പ്രത്യേകം സജ്ജമാക്കിയ സമാപന വേദിയിലത്തെിയത്. സമാപന പ്രകടനം ലോകത്തിന് മുന്നിലത്തെിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇതിന് മുമ്പുണ്ടായിട്ടില്ലാത്ത ശക്തിപ്രകടനത്തിന് ലോകരാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കികൊണ്ട് മാധ്യമലോകം ഹഫറുല്‍ബാതിനില്‍ പറന്നിറങ്ങി.

സൈനികാഭ്യാസത്തില്‍ പങ്കെടുത്ത മുഴുവന്‍ രാജ്യങ്ങളുടെയും ഒൗദ്യോഗിക മാധ്യമങ്ങള്‍ക്ക് പുറമെ ലോകമറിയുന്ന പ്രമുഖ വാര്‍ത്ത ഏജന്‍സികള്‍ മുഴുവനത്തെി. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിനും ‘മീഡിയ വണി’നുമാണ് അനുമതി കിട്ടിയത്. കനത്ത സുരക്ഷ വലയത്തിനുള്ളില്‍ കി.മീറ്ററുകളില്‍ നീണ്ടു കിടക്കുന്ന ഖിങ് ഖാലിദ് സൈനിക നഗരത്തില്‍ സജ്ജമാക്കിയ യുദ്ധമുഖത്ത് മരുഭൂമിയെ പ്രകമ്പനം കൊള്ളിച്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ടാങ്കുകളും തീ മഴ പെയ്തു. കാമറ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ ചീറിപ്പാഞ്ഞ മിസൈലുകള്‍ ദൂരെ മണലില്‍ അഗ്നി ഗോളങ്ങള്‍ തീര്‍ത്തു. കറുത്ത വര്‍ണം പൂശിയ അപ്പാഷെ ഹെലികോപ്റ്ററുകള്‍ തുപ്പിയ ബോംബുകളുടെ പ്രകമ്പനം സന്ദര്‍ശകരുടെ നെഞ്ചകങ്ങളെ കിടിലം കൊള്ളിച്ചു. മണല്‍പരപ്പിന് തീ പിടിപ്പിച്ച മാരക പ്രഹരശേഷിയുള്ള വെടിക്കോപ്പുകള്‍ക്ക് ഒരു പ്രദേശത്തെ ചുട്ടു ചാമ്പലാക്കാന്‍ നിമിഷ നേരങ്ങള്‍ മതിയെന്ന് കണ്ണുകള്‍ക്ക് ബോധ്യമായി.

തലക്കു മുകളിലൂടെ കടലിരമ്പം തീര്‍ത്ത യുദ്ധ വിമാനങ്ങള്‍ കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞു. നരച്ച ആകാശത്തില്‍ നിന്ന് ചെറിയ പറവകളെ പോലെ വിമാനത്തില്‍ നിന്ന് ചാടിയ സൈനികര്‍ ചിറക് വിരിച്ചിറങ്ങി. കാഴ്ചകള്‍ ഭീതിതമായിരുന്നു. യുദ്ധഭൂമിയുടെ നേര്‍ ചിത്രങ്ങളായിരുന്നു ഓരോ പ്രകടനങ്ങളും. സൈനിക ശക്തിയുടെ മിന്നും പ്രകടനങ്ങള്‍ കാതിലും കണ്ണിലും തറക്കുമ്പോഴും കാമറയില്‍ പകര്‍ത്തുമ്പോഴും മനസ്സ് പാഞ്ഞത് യഥാര്‍ഥ യുദ്ധഭൂമികളിലൂടെയായിരുന്നു. ഇത്ര ഭയാനകമായ തീമഴ തലക്കു മുകളില്‍ പെയ്യുന്ന സിറിയയിലെയും ഇറാഖിലെയും ഫലസ്തീനിലെയും കുഞ്ഞുങ്ങളുടെയും പകച്ചോടുന്ന സ്ത്രീകളുടെയും തകര്‍ന്നു വീഴുന്ന കെട്ടിടങ്ങളുടെയും ചിത്രങ്ങളുടെ ഫ്രെയിമുകളായിരുന്നു ഉള്ളിന്‍െറയുള്ളില്‍ തെളിഞ്ഞത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi force
Next Story