രണ്ടുപതിറ്റാണ്ടിന് ശേഷം നാരായണന്‍ ജന്മനാട്ടില്‍
text_fieldsറിയാദ്: മങ്ങാരത്ത് നാരായണന്‍െറ കഥ സമാനതകളില്ലാത്ത ദുരിതങ്ങളുടേതാണ്. 21 വര്‍ഷത്തിന് ശേഷം ജന്മനാട്ടിലേക്ക്, ഭാര്യയും ഏക മകനും അമ്മയും അടങ്ങുന്ന കുടുംബത്തിലേക്ക് മടങ്ങുമ്പോള്‍ ഈ മലപ്പുറം എടപ്പാള്‍ സ്വദേശി പ്രവാസ മരുഭൂമിയില്‍ അനുഭവിച്ച് തീര്‍ത്തത് ചെയ്യാത്ത കുറ്റത്തിന് ആറുവര്‍ഷത്തെ തടവുശിക്ഷയും ബാക്കി കാലം നിയമകുരുക്കുകളുടെയും സാമ്പത്തിക ക്ളേശങ്ങളുടെയും കൊടിയ യാതനകളും. തടവുശിക്ഷയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ജയിലധികൃതര്‍ക്കും വേണ്ടാതായി തെരുവില്‍ ഇറക്കിവിടപ്പെട്ട ഈ അമ്പത്താറുകാരന്‍ നാട്ടിലേക്കുള്ള വിമാനത്തിന്‍െറ വാതില്‍ തുറന്നുകിട്ടുന്നതുവരെയുള്ള ഒരാണ്ട് കഴിച്ചുകൂട്ടിയത് സാമൂഹിക പ്രവര്‍ത്തകരുടെ തണലിലാണ്. പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം പ്രവര്‍ത്തകരുടെയും ജീവകാരുണ്യ പ്രവര്‍ത്തകനായ റാഫി പാങ്ങോടിന്‍െറയും പരിശ്രമം കൊണ്ട് കിട്ടിയ യാത്രാരേഖകളുമായി വ്യാഴാഴ്ച പകലാണ് റിയാദില്‍ നിന്ന് പുറപ്പെട്ടത്. രാത്രി ഒമ്പതോടെ ജെറ്റ് എയര്‍വേയ്സില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലത്തെിയ നാരായണനെ സ്വീകരിക്കാന്‍ ഭാര്യ ഷീജയും ഏക മകന്‍ അജിത്തും അമ്മ തങ്കമ്മയും സഹോദരങ്ങളും എത്തി.
റിയാദ് നസീമിലെ സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടയില്‍ ഒരു വാഹനം കളവ് പോയ കേസില്‍ അഞ്ചുവര്‍ഷവും എട്ട് മാസവും മലസ് ജയിലില്‍ കഴിയുകയും ശേഷം അവിടെ നിന്ന് കുടിയിറക്കപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ അനിശ്ചിതത്വത്തിന്‍െറ തെരുവിലാവുകയും ചെയ്ത നാരായണന്‍െറ കഥ പലതവണ ‘ഗള്‍ഫ് മാധ്യമം’ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരുന്നു. 1989ല്‍ ലേബര്‍ വിസയില്‍ റിയാദിലെ ഒരു ശുചീകരണ കമ്പനിയില്‍ എത്തിയിട്ട് രണ്ട് തവണ മാത്രമേ നാട്ടില്‍ പോയിട്ടുള്ളൂ. 350 റിയാലായിരുന്നു ശമ്പളം. രണ്ടര വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോയി വിവാഹം കഴിച്ച് മടങ്ങി. പിന്നീട് അഞ്ചുവര്‍ഷം കഴിഞ്ഞാണ് ഒന്നുകൂടി പോയി മടങ്ങി. പിന്നെ പോയിട്ടില്ല. തുച്ഛമായ ശമ്പളം കൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ളെന്നായപ്പോള്‍ ഒമ്പതുവര്‍ഷത്തിന് ശേഷം ആ കമ്പനിയില്‍ നിന്ന് ഒളിച്ചോടി. അങ്ങനെയാണ് നസീമിലെ സര്‍വീസ് സ്റ്റേഷനില്‍ എത്തിയത്.
2010 സെപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴുകാന്‍ കൊണ്ടുവന്ന ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ഒരാള്‍ തട്ടിക്കൊണ്ടുപോയി. ഉടമയുടെ സഹോദരനാണെന്ന് പറഞ്ഞ് നാരായണനെ കബളിപ്പിക്കുകായിരുന്നു. ഉടമ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. കേസ് കോടതിയിലത്തെി. നാരായണന്‍ ജയിലിലുമായി. ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും വാഹന ഉടമ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇതിനകം മേല്‍ക്കോടതിയെ സമീപിച്ചിതിനാല്‍ യാത്രാ വിലക്കുണ്ടായി. പ്രവാസി പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുകയും യാത്രാ വിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ പല തവണ കോടതിയില്‍ ഹാജരായി. ഒടുവില്‍ ലത്തീഫ് തെച്ചിയെ വക്കാലത്ത് ഏറ്റെടുക്കാന്‍ അനുവദിച്ചുകൊണ്ട് കോടതി നാരായണന്‍െറ യാത്രാവിലക്ക് നീക്കി. അപ്പോഴേക്കും അടുത്ത കടമ്പയായി. എക്സിറ്റ് കിട്ടാന്‍ 19 വര്‍ഷം ഇഖാമ പുതുക്കാത്തതിനുള്ള ഫീസും പിഴയും ലെവിയും ഉള്‍പ്പെടെ 27,500 റിയാല്‍ നല്‍കണം.
റാഫി പാങ്ങോട് ശുമൈസി തര്‍ഹീലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ ശ്രമം ആ തടസവും നീക്കി. ഒടുവില്‍ പ്രവാസി പ്രവര്‍ത്തകര്‍ നല്‍കിയ വിമാന ടിക്കറ്റിലാണ് നാരായണന്‍ ദുരിതങ്ങളോട് വിടപറഞ്ഞത്. കേസ് അവസാനിച്ചിട്ടില്ല. ആദ്യം 11,5000 റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട വാഹന ഉടമ പിന്നീട് 60,000 ആയി കുറച്ചെങ്കിലും കോടതി അതും ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസി പ്രവര്‍ത്തകര്‍. നാരായണന്‍ പാപ്പരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സൗദി മോണിറ്ററിങ് ഏജന്‍സിയുടെ ക്ളിയറന്‍സ് കൂടി കിട്ടണം. ഈ മാസം 29നാണ് ഇനി കോടതി കേസ് പരിഗണിക്കുന്നത്. നാരായണന് പകരം ലത്തീഫ് തെച്ചി ഹാജരാകേണ്ടി വരും. ലത്തീഫിനെ കൂടാതെ പ്രവാസി പ്രസിഡന്‍റ് സാജു ജോര്‍ജ്, റഹ്മത്ത് തുരുത്തിയാട്, സാദിഖ് ബാഷ, അബ്ദുറഹ്മാന്‍ മറായി, റഷീദ് പൂക്കാട്ടുപടി, നൗഷാദ് ആലുവ, എംബസി ഉദ്യോഗസ്ഥന്‍ വസിയുള്ള തുടങ്ങിയവരാണ് ആദ്യാവസാനം സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് കോയ, അസ്ലം, ഫസല്‍ ആലുവ, അന്‍ഷാദ് ആലുവ, അശ്റഫ് ചാലക്കല്‍, സുബൈര്‍ മുട്ടം, അരുണ്‍ അച്യുതന്‍, മുരളീധരന്‍, ഹസന്‍, ജ്യോതിഷ്, നിമേഷ്, ഷാജി, ബഷീര്‍, ദീപക് കിളിരൂര്‍ എന്നിവരും പല ഘട്ടങ്ങളിലും സഹായികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.