ജനമൊഴുകുന്നു; യാമ്പുവിലെ പൂന്തോപ്പിലേക്ക്
text_fieldsയാമ്പു: ഒരായിരം വര്‍ണങ്ങളില്‍ വിരിഞ്ഞ പൂക്കളുടെ വസന്തോല്‍സവം നുകരാന്‍ യാമ്പുവിലേക്ക് ജനപ്രവാഹം. രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്ന് പുഷ്പോല്‍സവം കാണാന്‍ ദിനേന ആയിരങ്ങളാണ് വന്നു ചേരുന്നത്. യാമ്പു റോയല്‍ കമീഷന്‍ അല്‍ മുനാസബാത്ത് പാര്‍ക്കില്‍ ഫ്ളവര്‍ ആന്‍റ് ഗാര്‍ഡന്‍ ഫെസ്റ്റ് മാര്‍ച്ച് 19 വരെ നീളും. വൈകുന്നേരം നാല് മുതല്‍ പത്ത് വരെയാണ് സന്ദര്‍ശന സമയം. കുടുംബങ്ങള്‍ കൂട്ടമായും വിനോദ യാത്രാ സംഘങ്ങളായും പൂക്കളുടെ ഈ അപൂര്‍വ സംഗമം ഒരു നോക്ക് കാണാന്‍ എത്തുന്നു. വിശാലമായ ചൈന ഹാര്‍ബര്‍ പാര്‍ക്കിലും സന്ദര്‍ശകരുടെ വര്‍ധിച്ച സാന്നിധ്യം ദൃശ്യമാണ്. വാരാന്ത്യ അവധി ദിനങ്ങളില്‍ ജിദ്ദയില്‍ നിന്നും മറ്റുംഅസാധാരണമായ ജനമൊഴുക്കാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ പ്രവാസി മലയാളികളും കുടുംബസമ്മേതം യാമ്പുവിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. ജിദ്ദയിലും മറ്റുമുള്ള പല പ്രവാസി സംഘടനകളും പുഷ്പനഗരിയിലേക്ക് കുടുംബയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.
പൂക്കളുടെ വിശാലമായ പരവതാനിക്കരികെ സെല്‍ഫിയെടുക്കുന്നവരുടെ തിരക്കു കാണാം. പ്രവേശനം പൂര്‍ണമായും സൗജന്യമായ മേളയിലെ കാഴ്ചകള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഹൃദ്യമായ അനുഭൂതി പകരുന്നു. നിത്യജീവിതത്തില്‍ അവശേഷിക്കുന്ന പാഴ് വസ്തുക്കള്‍ ഉപയോഗപ്പെടുത്തി കളിക്കോപ്പുകളും ഉപയോഗിച്ച് കൗതുക വസ്തുക്കളും ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന റീ സൈക്കിള്‍ പാര്‍ക്കും കുട്ടികളില്‍ റോഡ് സുരക്ഷയെ കുറിച്ച അവബോധം ഉണ്ടാക്കാന്‍ ട്രാഫിക്ക് കള്‍ച്ചറല്‍ പാര്‍ക്കും പുഷ്പോത്സവ നഗരിയില്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
പ്രദര്‍ശന നഗരിയിലെ രാത്രിദൃശ്യം മനോഹരമാക്കാന്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ വെളിച്ചത്തിന്‍്റെയും അലങ്കാര വിളക്കുകളുടെയും സംവിധാനങ്ങള്‍ വിസമയലോകം തീര്‍ക്കുന്നു. നഗരിയില്‍ ഒരുക്കിയ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദര്‍ശനവും വില്പനയും അറബ് കുടുംബങ്ങളെ ഏറെ ആകര്‍ഷിക്കുന്നു. വന്‍ തോതില്‍ തൈകളും അലങ്കാര ചെടികളും പൂവിത്തുകളും വില്‍പന നടക്കുന്നുണ്ട്.