ഖത്തീഫില്‍ സൈനികന്‍ വെടിയേറ്റുമരിച്ചു; അക്രമികള്‍ക്കായി വ്യാപക തെരച്ചില്‍
text_fieldsദമ്മാം: കിഴക്കന്‍ സൗദിയിലെ ഖത്തീഫിനടുത്ത് സെയ്ഹാത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് സൈനികന്‍ കൊല്ലപ്പെട്ടു. 28 കാരനായ ഫൈസല്‍ ബിന്‍ ഒൗദ് ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ബിയാണ് വെള്ളിയാഴ്്ച പുലര്‍ച്ചെയുണ്ടായ അക്രമണത്തില്‍ മരിച്ചത്.
മേഖലയില്‍ റോഡ് പട്രോളിങ് സംഘത്തിന് നേതൃത്വം നല്‍കുകയായിരുന്നു ഫൈസല്‍. ഡ്യൂട്ടിക്ക് ശേഷം പുലര്‍ച്ചെ രണ്ടുമണിയോടെ അത്താഴം കഴിക്കാനായി പോകവേയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. കാറില്‍ നിന്നിറങ്ങി ഹോട്ടലിലേക്ക് നടന്നുനീങ്ങിയ ഫൈസലിന് നേരെ പലയിടങ്ങളില്‍ നിന്ന് വെടിയുതിര്‍ക്കപ്പെട്ടു. വെടികൊണ്ടുവീണ സൈനികന്‍ തല്‍ക്ഷണം മരിച്ചു. ശരീരത്തില്‍ നിന്ന് 16 വെടിയുണ്ടകളാണ് പിന്നീട് കണ്ടെടുത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമികള്‍ക്കായി മേഖലയില്‍ വ്യാപക തെരച്ചില്‍ നടക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് ഖതീഫില്‍ സുരക്ഷ പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദിയെ വെടിവെച്ചുകൊന്നിരുന്നു. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ അബ്ദുല്‍ റഹീം അലി അബ്ദുല്‍ റഹീമാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ മാജിദ് അലി അബ്ദുറഹീം അല്‍ ഫറജ് രക്ഷപ്പെടുകയും ചെയ്തു. ഖതീഫിന് സമീപം അവാമിയ്യയിലെ മൊദാര്‍ അസോസിയേഷന്‍ ഡിസ്പെന്‍സറിയില്‍ ബുധനാഴ്ച രാത്രി ഏഴിന് ശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്. രക്ഷപ്പെട്ട മാജിദിന് വേണ്ടി ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെയാണ് പുതിയ അക്രമസംഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.