ഖതീഫില്‍ ഏറ്റുമുട്ടല്‍: തീവ്രവാദികളിലൊരാള്‍ കൊല്ലപ്പെട്ടു
text_fieldsറിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫില്‍ സുരക്ഷ പരിശോധനക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദിയെ വെടിവെച്ചുകൊന്നതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ അബ്ദുല്‍ റഹീം അലി അബ്ദുല്‍ റഹീമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ മാജിദ് അലി അബ്ദുറഹീം അല്‍ ഫറജ് രക്ഷപ്പെട്ടു. ഖതീഫിന് സമീപം അവാമിയ്യയിലെ മൊദാര്‍ അസോസിയേഷന്‍ ഡിസ്പെന്‍സറിയില്‍ ബുധനാഴ്ച രാത്രി ഏഴിന് ശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇവര്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ച് സംഭവ സ്ഥലം വളഞ്ഞ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുനേരെ അകത്തു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അബ്ദുറഹീം കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തു നിന്ന് വന്‍ തോതില്‍ വെടിക്കോപ്പുകള്‍ പിടിച്ചെടുത്തു. സുരക്ഷ ഉദ്യോഗസ്ഥരിലാര്‍ക്കും പരിക്കേറ്റിട്ടില്ളെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പൊലീസ് തെരയുന്നവരാണിവര്‍. സിവിലയന്മാര്‍ക്ക് നേരെ ആക്രമണം നടത്തുക, പൊതുമുതല്‍ നശിപ്പിക്കുക, കവര്‍ച്ച നടത്തുക എന്നീ കേസുകളിലും ഇവര്‍ പ്രതികളാണ്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാജിദിന് വേണ്ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് അഭയം കൊടുക്കുകയോ രക്ഷപ്പെടാന്‍ സഹായം നല്‍കുകയോ ചെയ്യരുതെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.