മൊത്ത, ചില്ലറ വില്‍പന മേഖലയില്‍ വിദേശ ഉടമസ്ഥാവകാശത്തിന് അനുമതി
text_fieldsറിയാദ്: സൗദിയില്‍ രജിസ്ട്രേഷനുള്ള വിദേശ കമ്പനികള്‍ക്ക് മൊത്ത, ചില്ലറ വില്‍പന സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തിങ്കളാഴ്ച രാത്രി വൈകി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് വിദേശ മുതല്‍മുടക്കിലും ഉടമസ്ഥാവകാശത്തിലും വന്‍ മാറ്റത്തിനിടയാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്. സൗദിയില്‍ നിക്ഷേപ ലൈസന്‍സുള്ള കമ്പനികള്‍ ഉല്‍പാദന മേഖലയില്‍ കൂടി പ്രവര്‍ത്തിക്കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഈ നിബന്ധനയില്ലാതെ വിദേശ സംരംഭകര്‍ക്ക് കൂടി നിക്ഷേപ സാധ്യതകള്‍ തുറന്നുകൊടുക്കുന്നതാണ് പുതിയ നിയമം. വിപണന ലൈസന്‍സ് ഉല്‍പാദന കമ്പനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ളെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. വിദേശ കമ്പനികള്‍ക്ക് മൊത്തക്കച്ചവടം നടത്താനും ബഖാലകള്‍, സൂപര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ ചില്ലറ വില്‍പന സ്ഥാപനങ്ങള്‍ കൈവശം വെക്കാനും പുതിയ നിയമം വഴി സാധ്യമാകും. സ്വദേശികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കാനും വിദേശ സംരംഭകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനും തീരുമാനം കാരണമാവുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം കിരീടവാകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും മന്ത്രിസഭ അംഗീകരിക്കുകയും ചെയ്ത വിഷന്‍ 2030യുടെ ഭാഗമായാണ് മൊത്ത, ചില്ലറ വില്‍പന മേഖല വിദേശ സംരംഭകര്‍ക്ക് തുറന്നുകൊടുക്കുന്നതെന്ന് മന്ത്രിസഭ തീരുമാനത്തില്‍ വിശദീകരിച്ചു. അന്താരാഷ്ട്ര വാണിജ്യ ബ്രാന്‍ഡുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുക എന്നതും പുതിയ തീരുമാനത്തിന്‍െറ ലക്ഷ്യമാണ്. രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഉണര്‍വുണ്ടാക്കാന്‍ പുതിയ തീരുമാനം കാരണമാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.