ചെങ്കടല്‍ തീരത്ത് വന്‍ ട്യൂണ വളര്‍ത്തല്‍ കേന്ദ്രം വരുന്നു
text_fieldsദമ്മാം: സൗദി അറേബ്യയുടെ പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് കൂറ്റന്‍ ട്യൂണ മത്സ്യം വളര്‍ത്തല്‍ കേന്ദ്രം സ്ഥാപിക്കുന്നു. ജിദ്ദക്ക് വടക്ക് തുവാലില്‍ വികസിപ്പിക്കുന്ന രാജ്യത്തിന്‍െറ സ്വപ്ന പദ്ധതിയായ കിങ് അബ്ദുല്ല ഇകണോമിക് സിറ്റിയില്‍ നിന്ന് 35,906 ചതുരശ്ര മീറ്റര്‍ സ്ഥലം ഇതിനായി വിട്ടുനല്‍കി. പദ്ധതിയുടെ ഇന്‍ഡസ്ട്രിയല്‍ വാലിയിലെ ഫേസ് മൂന്നില്‍ നിന്നാണ് ‘ഗോള്‍ഡന്‍ ട്യൂണ’യെന്ന വെനിസ്വേലന്‍ സ്ഥാപനത്തിന് സ്ഥലം നല്‍കിയത്. ഇതിന്‍െറ കരാര്‍ കഴിഞ്ഞ ദിവസം ഒപ്പിട്ടു. ഈ സ്ഥലത്ത് കമ്പനിയുടെ വിശാലമായ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണം ആരംഭിക്കും. 2018 ആദ്യത്തോടെ ഇവിടെ നിന്ന് ഉല്‍പാദനവും കയറ്റുമതിയും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അറേബ്യയുടെ പ്രിയ മത്സ്യമായ ട്യൂണയുടെ വികസിക്കുന്ന വിപണി മുന്നില്‍ കണ്ടാണ് കമ്പനി ചെങ്കടല്‍ തീരത്ത് തന്നെ ഉല്‍പാദന കേന്ദ്രം തുടങ്ങുന്നത്. സൗദിക്ക് പുറമേ, മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങളിലെ വിപണിയാണ് ലക്ഷ്യം. തങ്ങളുടെ ആഗോള ഉല്‍പാദന ശേഷി വികസിപ്പിക്കുകയെന്ന വിശാല പദ്ധതിയുടെ ഭാഗമായാണ് സൗദി അറേബ്യയില്‍ എത്തുന്നതെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നിക്ഷേപത്തിനായി വിവിധ മേഖലകള്‍ പരിഗണിച്ചിരുന്നുവെന്നും ഇകണോമിക് സിറ്റിയുടെ വളര്‍ച്ചയും അതുവിഭാവനം ചെയ്യുന്ന ആശയവും പരിഗണിച്ചാണ് ഇവിടെ തന്നെ തെരഞ്ഞെടുത്തതെന്നും ഗോള്‍ഡന്‍ ടൂണ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ഖലീല്‍ പറഞ്ഞു.
ഇന്‍ഡസ്ട്രിയല്‍ വാലിയിലെ ഫേസ് മൂന്നിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ ഇവിടേക്ക് എത്തുമെന്ന് സി.ഇ.ഒ റയന്‍ ഖുതുബ് വ്യക്തമാക്കി. 120 ഓളം പ്രാദേശിക, രാജ്യാന്തര സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഇന്‍ഡസ്ട്രിയല്‍ വാലിയില്‍ എത്തിയിട്ടുണ്ട്. 30 ഓളം കമ്പനികള്‍ നിര്‍മാണ ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.