വനിതകള്‍ക്ക് മാത്രമായി റിയാദില്‍ മൊബൈല്‍ വില്‍പന കേന്ദ്രം വരുന്നു
text_fieldsറിയാദ്: വനിതകള്‍ക്ക് മാത്രമായി വനിതകളുടെ നേതൃത്വത്തില്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി കേന്ദ്രം വരുന്നു. റിയാദിലെ ഗൊര്‍നാത്തയിലാണ് രാജ്യത്തെ ആദ്യത്തെ വനിത മൊബൈല്‍ കേന്ദ്രം വരുന്നത്. ഇതിനായി നിക്ഷേപകരുടെ സംഘം മുന്നോട്ടു വന്നിട്ടുണ്ടെന്നും അധികം വൈകാതെ വ്യാപാര കേന്ദ്രം തുറക്കുമെന്നും തൊഴില്‍, സാമൂഹിക മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 40ലധികം മൊബൈല്‍ കടകള്‍ ഇവിടെയുണ്ടാകും. ഈ സ്ഥാപനങ്ങളില്‍ ജോലിക്കാരായി പരിശീലനം നേടിയ സ്വദേശി വനിതകളുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാണ ജോലികള്‍ തകൃതിയായി നടക്കുകയാണ്. സെപ്റ്റംബറോടെ മൊബൈല്‍ കടകളില്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ കര്‍ശന നിര്‍ദേശം. നിലവില്‍ 50 ശതമാനം ജീവനക്കാര്‍ സൗദികളായിരിക്കണം. ഈ നിയമം പാലിക്കാത്തവരെ കണ്ടത്തെുന്നതിനായി വ്യാപക പരിശോധന നടന്നു വരികയാണ്. സൗദി യുവതി, യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. സ്വന്തമായി മൊബൈല്‍ കടകള്‍ തുടങ്ങുന്നതിന് സ്വദേശി യുവതികള്‍ക്ക് സഹായവുമായി നിരവധി നിക്ഷേപകര്‍ തയാറായിട്ടുണ്ട്. ഇത്തരത്തിലൊരു കേന്ദ്രമാണ് റിയാദില്‍ വൈകാതെ തുറക്കാന്‍ പോകുന്നത്. രാജ്യത്തിന്‍െറ മറ്റു ഭാഗങ്ങളില്‍ കൂടി സൗദി സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടകള്‍ വരുന്നതിന്‍െറ തുടക്കമാണിതെന്നും അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സ്ഥാപനം തുടങ്ങുന്നവര്‍ക്ക് രണ്ട് ലക്ഷം വരെ വായ്പ നല്‍കാന്‍ തയാറായി സൗദി ക്രഡിറ്റ് ആന്‍ഡ് സേവിങ്സ് ബാങ്ക് രംഗത്തുണ്ട്. ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതിയെന്നാണ് നിബന്ധന. അറ്റകുറ്റപ്പണിക്കാവശ്യമായ ഉപകരണങ്ങള്‍ക്കും വായ്പ നല്‍കുന്നുണ്ട്. 200ലധികം വായ്പ അപേക്ഷകള്‍ ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. മാനവ വിഭവ ശേഷി വകുപ്പിന്‍െറ കീഴിലും സ്വദേശികള്‍ക്ക് മൊബൈല്‍ ഫോണ്‍ മേഖലയില്‍ ആവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലായി 34,218 സ്വദേശികള്‍ മൊബൈല്‍ വില്‍പന, അറ്റകുറ്റപ്പണി, കസ്റ്റമര്‍ കെയര്‍ എന്നീ വിഭാഗങ്ങളില്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സൗദികളെ നിയമിക്കാതെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടകളുണ്ടെങ്കില്‍ www.rasd.ma3an.gov എന്ന വെബ്സൈറ്റിലോ 19911 എന്ന നമ്പറിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.